കൊച്ചി: ഓണം, വിവാഹ സീസണിന് മുന്നോടിയായി എടുത്ത സ്വര്‍ണാഭരണ സ്റ്റോക്കിന് എച്ച്.യു.ഐ.ഡി (ഹാള്‍മാര്‍ക്കിങ് തിരിച്ചറിയല്‍) മുദ്രപതിക്കാന്‍ കഴിയാതെ വ്യാപാരികള്‍ക്ക് തിരിച്ചടി. കേരളത്തിലെ 73 ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ വഴി ഒരുമാസമായി ഒരുലക്ഷത്തില്‍ താഴെ ആഭരണങ്ങള്‍ക്ക് മാത്രമാണ് എച്ച്.യു.ഐ.ഡി പതിച്ചുനല്‍കിയത്. അതിന് മുമ്ബ് ജൂണ്‍വരെ ഓരോ ഹാള്‍മാര്‍ക്കിങ് സെന്ററുകളും ദിവസേന 1500 മുതല്‍ 2000 വരെ ആഭരണങ്ങള്‍ക്ക് മുദ്രപതിച്ചിരുന്നു. പ്രതിമാസം 15 ലക്ഷത്തോളം ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ചെയ്തിരുന്നതാണ് ഇപ്പോള്‍ ഒരുലക്ഷത്തില്‍ താഴെയായി കുറഞ്ഞത്.
ജൂലൈ ഒന്നുമുതലാണ് രാജ്യത്ത് നിര്‍ബന്ധിത ഹാള്‍ മാര്‍ക്കിങ് നടപ്പാക്കിയത്. സ്വര്ണത്തിെന്റ പരിശുദ്ധി കൃത്യമാക്കുന്ന മുദ്ര, ജ്വല്ലറി, ഹാള്‍മാര്‍ക്കിങ് കേന്ദ്രം, ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാേന്റഡ്സ്) എന്നിവ തിരിച്ചറിയുന്ന നാല് മാര്‍ക്കുകളാണ് അതുവരെ ഓരോ ആഭരണത്തിലും രേഖപ്പെടുത്തിയിരുന്നത്. അതിനൊപ്പം യു.ഐ.ഡിയും ആഭരണങ്ങളില്‍ പതിക്കണമെന്ന നിര്‍ബന്ധം മേഖലയാകെ താറുമാറാക്കിയതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുന്നാസര്‍ പറഞ്ഞു. പുതിയ അടയാളപ്പെടുത്തലിന് ഹാള്മാര്ക്കിങ്ങിെന്റ പ്രധാന ലക്ഷ്യമായ സ്വര്ണത്തിെന്റ പരിശുദ്ധി ഉറപ്പുവരുത്തുന്നതുമായി ഒരു പ്രസക്തിയുമില്ല.
ജൂലൈ 30ലെ കണക്ക് അനുസരിച്ച് രാജ്യത്തെ മൊത്തം ഹാള്‍മാര്‍ക്കിങ് സെന്ററുകളുടെ എണ്ണം 933 ആയി. രജിസ്ട്രേഷന് സ്വീകരിച്ച വ്യാപാരികളുടെ എണ്ണം 73,784 ആയി ഉയര്‍ന്നു. ജൂലൈ 29ന് മാത്രം 1467 വ്യാപാരികള്‍ രജിസ്ട്രേഷന് നേടി. അതേസമയം 3,04,077 ആഭരണങ്ങളാണ് രാജ്യത്താകെ അന്നേ ദിവസം ഹാള്‍ മാര്‍ക്ക് ചെയ്തത്. അതായത് ഒരു വ്യാപാരിക്ക് ശരാശരി നാല് ആഭരണം മാത്രം. ഒരു ഹാള്‍മാര്‍ക്കിങ് സെന്റര്‍ പതിച്ചുനല്‍കിയത് 326 പീസ്.
ഒരുവര്‍ഷം രാജ്യത്ത് ഏകദേശം 40 കോടി ആഭരണങ്ങളിലാണ് ഹാള്‍മാര്‍ക്ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ കാലതാമസം അനുസരിച്ച് നിലവിലെ സ്റ്റോക്കിന് എച്ച്.യു.ഐ.ഡി പതിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. ഇത് പരിഹരിക്കാന്‍ കൂടുതല്‍ ഹാള്‍മാര്‍ക്കിങ് സംവിധാനം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യാപാരികള്‍ പറയുന്നു. അതുവരെ രണ്ടുവര്‍ഷത്തേക്ക് എങ്കിലും എച്ച്.യു.ഐ.ഡി മാറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

