തുടര്‍ഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ല: എം വി ഗോവിന്ദന്റെ മുന്നറിയിപ്പ്

തൃശൂര്‍: തുടര്‍ഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സെക്രട്ടറിയുടെ മുന്നറിയിപ്പ്. അഴിമതി തെളിയിക്കപ്പെട്ടാല്‍ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തുടര്‍ഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് ആയി കണക്കാക്കേണ്ട. അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്. അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും. അതില്‍ ആര്‍ക്കും ആശങ്കവേണ്ട. പാര്‍ട്ടിയുമായും പാര്‍ട്ടിപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ മാറ്റിവെക്കരുത്. ഉടന്‍ തീര്‍പ്പാക്കണമെന്നും എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.

സഹകരണബാങ്ക് പ്രസിഡന്റ് ആയിരിക്കെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായ കെ വി ഹരിദാസനെ പദവികളില്‍നിന്ന് നീക്കും. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ വകുപ്പുതല അന്വേഷണത്തിന് വേഗം കുറവാണെന്നും മെല്ലെപ്പോക്ക് ആണെന്നും പരാതി ഉയര്‍ന്നു.

മൂസ്‌പെറ്റ് സഹകരണ ബാങ്ക് ക്രമക്കേടില്‍ സ്വീകരിച്ച നടപടിയും ശിക്ഷയും കുറഞ്ഞുപോയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ക്രമക്കേടില്‍ ജില്ലാ കമ്മിറ്റി ജനുവരി ഏഴിന് അംഗീകരിച്ച നടപടി യോഗം ശരിവെച്ചു. എ സി മൊയ്തീന്‍, എ കെ ബാലന്‍, കെ രാധാകൃഷ്ണന്‍, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

prp

Leave a Reply

*