‘കേരളം ഭരിക്കുന്ന പാര്‍ട്ടിയാ, കൊല്ലാനും അറിയാം, പൂട്ടി പൊക്കോന്നേ’: വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്കുനേരെ കൊലവിളിയുമായി സി ഐ ടി യു

കൊച്ചി: എറണാകുളം ജില്ലയിലെ വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി ഉടമയായ വനിതയ്ക്കുനേരെ ഭീഷണിയുമായി സി ഐ ടി യു. താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി എന്നാണ് റിപ്പോര്‍ട്ട്.

ഉടമയുടെ ഭര്‍ത്താവിന് പ്രതിഷേധക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

യൂണിയന്‍ പ്രവര്‍ത്തകര്‍ ഉടമയോട് തട്ടിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചാകാനും കൊല്ലാനും അറിയാം, പൂട്ടി പൊക്കോന്നേ.. കേരളം ഭരിക്കുന്ന പാര്‍ട്ടിയാ, ഞങ്ങള്‍ ജോലി കൊടുത്തോളാം.. എന്നിങ്ങനെ യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. സംഭവത്തില്‍ മുനമ്ബം പൊലീസ് കേസടുത്തിട്ടുണ്ട്.

പ്രദേശത്ത് തന്നെയുള്ള മറ്റൊരു ഏജന്‍സിക്കാര്‍ ഇവിടത്തെ ചില മേഖലകളില്‍ സിലിണ്ടര്‍ വിതരണം ചെയ്യാന്‍ ഈ ഏജന്‍സിയെ ഏല്‍പ്പിച്ചു. ഇതിനായി നാലുതൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കുകയും ചെയ്തു. ഇതിനിടെ ഗ്യാസ് വിതരണ കമ്ബനി ഓരോ ദിവസവും വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം കുറച്ചു. ഇതോടെ താല്‍ക്കാലികമായി നിയമിച്ചവര്‍ക്ക് ജോലിയില്ലാതായി. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് ഏജന്‍സി അറിയിച്ചു. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ സി ഐ ടി യുവില്‍ ചേര്‍ന്ന് ഏജന്‍സിക്ക് മുന്നില്‍ സമരം സംഘടിപ്പിക്കുകയായിരുന്നു.

prp

Leave a Reply

*