ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്കുകളില്‍ കുറവുണ്ടായിട്ടും റെസ്റ്റോറന്റുകളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയുന്നില്ല. അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ മക്ഡോണാള്‍ഡ് നിരക്ക് കുറക്കാന്‍ തയാറായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഭക്ഷണത്തിന്റെ ബില്ലുകള്‍.
ജി.എസ്.ടി കുറക്കുന്നതിന് മുമ്പും അതിന് ശേഷവും മക്ഡോണാള്‍ഡിലെ ഉല്പന്നത്തിന്റെ വില ഒന്നാണെന്ന് ഇൗ ബില്ലുകള്‍ തെളിയിക്കുന്നു. ജി.എസ്.ടി കുറക്കുന്നതിന് മുമ്പ് 120 രൂപയാണ് മക്ഡോണാള്‍ഡിലെ മക് കഫേക്ക് ഇൗടാക്കിയിരുന്നത്. ഇതിന്റെ കൂടെ നികുതി ചേര്‍ത്ത് ആകെ 142 രൂപ ഇൗടാക്കിയിരുന്നു. എന്നാല്‍ ജി.എസ്.ടി കുറച്ചതിന് ശേഷവും ഉല്പന്നത്തിന്റെ വിലയില്‍ കാര്യമായ മാറ്റമില്ല.
എന്നാല്‍, സര്‍ക്കാര്‍ ജി.എസ്.ടി കുറച്ചുവെങ്കിലും റസ്റ്റോറന്റുകള്‍ക്കുള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതാക്കിയെന്നും ഇതുമൂലം തങ്ങള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നുമുള്ള വിശദീകരണമാണ് മക്ഡോണാള്‍ഡ് നല്‍കുന്നത്.

