പുതുവര്‍ഷരാവില്‍ കൊച്ചി കാര്‍ണിവലിനെ മനോഹരമാക്കാന്‍ സംഗീത നിശ

കൊച്ചി: ലോക പ്രശസ്തമായ പുതുവത്സരാഘോഷമായ കൊച്ചി കാര്‍ണിവലില്‍ ഇക്കുറി ബിനാലെ സംഗീത വിരുന്നൊരുക്കുന്നു. പ്രശസ്ത റോക്ക് സംഗീത ബാന്‍ഡായ ബൈജു ധര്‍മ്മജന്‍ സിന്‍ഡിക്കേറ്റിന്‍റെ സംഗീത നിശയാണ് പുതുവത്സര രാവിനെ ഹരം പിടിപ്പിക്കാനൊരുങ്ങുന്നത്.

കൊച്ചിയുടെ തനത് സാംസ്കാരിക പൈതൃകമാണ് കൊച്ചി ബിനാലെയെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ച പ്രധാന ഘടകമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഈ പൈതൃകത്തിന്‍റെ പ്രധാന മുഖമുദ്രയിലൊന്നാണ് കാര്‍ണിവല്‍. അതിനാല്‍ തന്നെ സംഗീത നിശയിലൂടെ ഈ സാംസ്കാരികത്തനിമയില്‍ പങ്കാളിയാകുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുവത്സര രാവിന്‍റെ ആഘോഷങ്ങളില്‍ രാത്രി 10 മുതല്‍ 11.30 വരെയാണ് ബൈജു ധര്‍മ്മജന്‍റെ സംഗീത നിശ. കൊച്ചിയുടെ മണ്ണില്‍നിന്ന് റോക്ക് സംഗീതത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കിയ ബൈജു നേതൃത്വം നല്‍കുന്ന പരിപാടി കാര്‍ണിവല്‍ പ്രേമികള്‍ക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ കാര്‍ണിവലുമായി അടുത്ത ബന്ധമാണുള്ളതെന്ന് കാര്‍ണിവല്‍ കമ്മിറ്റി സെക്രട്ടറി വി.ഡി മജീന്ദ്രന്‍ പറഞ്ഞു. ബിനാലെ പ്രവര്‍ത്തനങ്ങളിലും കാര്‍ണിവലിന്‍റെ പ്രവര്‍ത്തനങ്ങളിലും പരസ്പര സഹവര്‍ത്തിത്വത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നടന്നു വരുന്ന കാര്‍ണിവല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക-ജനാധിപത്യ ആഘോഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

prp

Related posts

Leave a Reply

*