അരീക്കോട്: വിവാഹപന്തലില്‍ ഉയരേണ്ട അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ ഉയര്‍ന്നത് തോരാത്ത കണ്ണീര് പന്തല്‍. വിവാഹപന്തലിലേക്ക് മംഗല്ല്യപട്ടുടുത്ത് നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര എത്തില്ല.
വിവാഹത്തിനു തലേദിവസം അച്ഛന് മകളെ കുത്തിക്കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനാണ് മകളായ ആതിരയെ (21) കുത്തിക്കൊന്നത്. വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന് അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന് പോലീസ് എത്തിയപ്പോള്‍ കീഴടങ്ങി. സാമുദായികമായ അന്തരമാണ് എതിര്‍പ്പിനുളള പ്രധാന കാരണമെന്ന് പറയുന്നു.
ആതിരയുടെ വിവാഹം വെള്ളിയാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നത്. വിവാഹം സംബന്ധിച്ച അഭിപ്രായവ്യത്യാസമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു. ബന്ധുക്കള്‍ എല്ലാമെത്തി വിവാഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു ആക്രമണം. കൊയിലാണ്ടി പന്തലായനി സ്വദേശിയായ സൈനികനായിരുന്നു വരന്.
ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന ആതിര പഠനകാലത്താണ് കൊയിലാണ്ടി സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട് സ്നേഹത്തിലായത്. ഈ ബന്ധത്തെ തുടക്കം മുതല്‍ രാജന് എതിര്‍ത്തിരുന്നു. എങ്കിലും വിവാഹിതരാകാന്‍ തീരുമാനിച്ച ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. ജാതിയില്‍ വ്യത്യസ്തനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു.
ഇതേത്തുടര്‍ന്ന് രണ്ടു കുടുംബങ്ങളും വിഷയം അരീക്കോട് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. പോലീസ് സന്നിധിയില്‍ വിവാഹത്തിന് സമ്മതിച്ചെങ്കിലും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാജന് പരുഷമായി പെരുമാറാന്‍ തുടങ്ങുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആതിരയുടെ മൃതദേഹം മുക്കത്തെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
