Dry Day | Bev Q App|കേരളത്തില്‍ എന്തുകൊണ്ട് ഇന്ന് മദ്യം ലഭിക്കില്ല?

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മദ്യവില്‍പനശാലകള്‍ക്ക് അവധി. ഇതറിയാതെ ബുക്കുചെയ്തവര്‍ക്ക് ബെവ് ക്യൂ ആപ്പില്‍ ചിലര്‍ക്ക് ടോക്കണ്‍ ലഭിക്കുകയും ചെയ്തു. ടോക്കണുമായി എത്തിയവര്‍ക്ക് അടഞ്ഞുകിടക്കുന്ന മദ്യവില്‍പനശാലകളും ബാറുകളുമാണ് കാണാനായത്. എന്താ കാര്യമെന്ന് പലര്‍ക്കും മനസിലായില്ല. ചോദിച്ചുംപറഞ്ഞും വന്നപ്പോഴാണ് ലഹരിവിരുദ്ധദിനമായ ഇന്ന് മദ്യവില്‍പനശാലകള്‍ അവധിയാണെന്ന നഗ്നസത്യം അവര്‍ മനസിലാക്കിയത്. എന്നാല്‍ അവധിദിനത്തിലേക്ക് ബെവ് ക്യൂ ആപ്പ് ടോക്കണ്‍ നല്‍കിയത് എന്തിനാണെന്ന ചോദ്യമാണ് മദ്യം വാങ്ങാനെത്തിയവര്‍ ഉന്നയിക്കുന്നത്.

എന്താണ് ലഹരിവിരുദ്ധദിനം?

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണെന്ന തിരിച്ചറിവിലാണ് 1987 മുതല്‍ ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുതുടങ്ങിയത്. ‘ബെറ്റര്‍ നോളജ് ഫോര്‍ ബെറ്റര്‍ കെയര്‍’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നതാണ് ഈ വര്‍ഷത്തെ ലഹരിവിരുദ്ധദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. ലോകത്താകെ 27 കോടി മനുഷ്യര്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തല്‍.

ടോക്കണ്‍ നല്‍കിയിരുന്നെങ്കിലും വൈകിട്ടോടെ ഡ്രൈഡേ ആയതിനാല്‍ ബുക്കിങ് റദ്ദാക്കിയെന്ന സന്ദേശം ഉപയോക്താക്കള്‍ക്ക് അയച്ചുനല്‍കിയതായി ബെവ് ക്യൂ ആപ്പ് ചുമതലയുള്ള കമ്ബനി വിശദീകരിക്കുന്നു. ഇന്നത്തെ മദ്യവില്‍പനയ്ക്കായി കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിവരെ പാസ് വിതരണം നടത്തിയിരുന്നു. 30000ല്‍ ഏറെ പേര്‍ക്ക് ടോക്കണ്‍ വിതരണം ചെയ്യുകയും ചെയ്തു. ഡ്രൈഡേയിലേക്കും ടോക്കണ്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് വകുപ്പും ബവ്റിജസ് ജീവനക്കാരും ഇടപെട്ടാണ് ആപ്പിന്റെ ചുമതലയുള്ള കരാര്‍ കമ്ബനിയുടെ ശ്രദ്ധയിലെത്തിച്ചത്. വിവരം കിട്ടിയ ഉടന്‍ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തിവെച്ചു. അങ്ങനെയാണ് ഡ്രൈഡേ സന്ദേശം ബുക്ക് ചെയ്തവര്‍ക്കായി നല്‍കിയത്.

ഏതായാലും ഡ്രൈഡേയിലേക്ക് ബുക്കിങ് അനുവദിച്ച ബെവ് ക്യൂ ആപ്പ് ചുമതലയുള്ള കമ്ബനി ടോക്കണ്‍ റദ്ദാക്കി തടിതപ്പി. എന്നാല്‍ ടോക്കണ്‍ അസാധുവായതോടെ ഇനി ബുക്ക് ചെയ്യാന്‍ നാലുദിവസം കാത്തിരിക്കണമോയെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

prp

Leave a Reply

*