പ്രളയ ഫണ്ട് തട്ടിപ്പ്: രണ്ടാം കേസില്‍ സിപിഎം മുന്‍ നേതാവ് അന്‍വറിന്റെ പങ്ക് അന്വേഷിക്കുന്നു; തട്ടിയെടുത്ത 73 ലക്ഷം കാണാനില്ല

കൊച്ചി: എറണാകുളം പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനു രണ്ടാം കേസിലും പങ്കുള്ളതായി സംശയം. ഈ കേസില്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ എവിടെയെന്നത് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ഒന്നാം പ്രതി വിഷ്ണു പ്രസാദുമായി അടുത്ത ബന്ധം അന്‍വറിനു ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ പണം ആര്‍ക്കെങ്കിലും കൈമാറാനുള്ള സാധ്യത ക്രൈം ബ്രാഞ്ച് തള്ളി കളയുന്നില്ല. എതെങ്കിലും സംരംഭത്തില്‍ മുതല്‍ മുടക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം അന്‍വറിനെ കോടതി വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും അന്വേഷണത്തിനും വേണ്ടിയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കവെയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച്‌ തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്.

ഈ മാസം 22 നാണ് അന്‍വര്‍ അന്വേഷണ സംഘത്തിനു മുമ്ബാകെ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം അന്‍വറിനെ അന്വേഷണ സംഘം തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രളയഫണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കാന്‍ അന്‍വര്‍ ഉപയോഗിച്ച രസീത് ക്രൈം ബ്രാഞ്ച് സംഘം ബാങ്കില്‍ നിന്നും കണ്ടെടുത്തു.

ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിക്കാന്‍ ഉപയോഗിച്ച രണ്ട് രസീതുകളാണ് കണ്ടെത്തിയത്. അയ്യനാട് സഹകരണ ബാങ്കിലെ അന്‍വറിന്റെ അക്കൗണ്ടിലേക്ക് അഞ്ച് തവണകളിലായി 10.54 ലക്ഷം രൂപയാണ് ജില്ലാ ട്രഷറി വഴി എത്തിയത്.2019 നവംബര്‍ 28നു രണ്ടു തവണയായെത്തിയ 2.50 ലക്ഷം രൂപ ബാങ്കില്‍ നിന്ന് അന്‍വര്‍ പിന്‍വലിച്ചിരുന്നു. ജനുവരി 21നും 24നുമായി മൂന്നു തവണ കൂടി അയ്യനാട് ബാങ്കിലേക്കു കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കും തട്ടിപ്പിലെ മുഖ്യപ്രതിയുമായ വിഷണു പ്രസാദ് പണം കൈമാറി. വീണ്ടും ദുരിതാശ്വാസ നിധിയില്‍ നിന്ന് അക്കൗണ്ടിലേക്ക് പണം വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ അന്‍വന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ പോലിസ് മുമ്ബാകെ കീഴടങ്ങിയത്.

അന്‍വറിന്റെ ഭാര്യ കൗലത്തും കേസിലെ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കൗലത്തിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണ സംഘം ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷന് റിപോര്‍ട് നല്‍കിയിട്ടുണ്ട്. രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദ് റിമാന്റിലാണ്. ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

prp

Leave a Reply

*