
കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.
മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളത് മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദീപ് തീരങ്ങളിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദിക്കരകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
