പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോൺഗ്രസ്

ജനാധിപത്യ കേരള കോൺഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചർച്ചകൾ നടന്നുവെന്ന പ്രചാരണം തള്ളി ഡോ.കെ.സി ജോസഫ്. ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി പോരാടുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി ജോസഫ് വ്യക്തമാക്കി. യുഡിഎഫിൽ കുട്ടനാട് സീറ്റ് ഡോ.കെ.സി ജോസഫിന് വാഗ്ദാനം ചെയ്തെന്നും അദ്ദേഹം വഴങ്ങിയേക്കുമെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നത് വ്യാജവാർത്തയാണന്നും പാർട്ടി ചെയർമാൻ വ്യക്തമാക്കി. കുട്ടനാട് സീറ്റ് നൽകി പ്രലോഭിച്ചാൽ വഴങ്ങുന്നതല്ല തൻ്റെ വ്യക്തിത്വമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…..

ചില ഓൺലൈൻ മാധ്യമങ്ങളിൽ വായിച്ചുകേട്ട വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണ കുറിപ്പ് ഇടുന്നത്. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി, പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുമോ എന്ന് പല പാർട്ടി പ്രവർത്തകരും എന്നെ നേരിട്ട് വിളിച്ച് ചോദിക്കുന്നുണ്ട്. യുഡിഎഫിൽ കുട്ടനാട് സീറ്റ് എനിക്ക് ലഭിച്ചാൽ ഞാൻ വഴങ്ങുമെന്നാണ് നുണപ്രചരണം. ഒരു കാര്യം തറപ്പിച്ചു പറയാം, ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി എൻ്റെ ആത്മാവും ജീവനുമാണ്. ഈ പാർട്ടി പിരിച്ചുവിടില്ലെന്ന് മാത്രമല്ല ഇടതുമുന്നണിയിൽ ഉറച്ചുനിന്ന് പോരാട്ടം തുടരും.

ഇനി കുട്ടനാട് സീറ്റാണ് മറ്റൊരു ചോദ്യം. ഈ മണ്ണിൽ ജനിച്ച് വളർന്ന് കുട്ടനാടിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന, കാൽ നൂറ്റാണ്ട് ഈ നാടിനെ സേവിച്ച വ്യക്തിയാണ് ഞാൻ. കുട്ടനാട് സീറ്റ് നൽകി പ്രലോഭിച്ചാൽ വഴങ്ങുന്നതല്ല എൻ്റെ വ്യക്തിത്വം. അങ്ങനെ വഴങ്ങാനായിരുന്നെങ്കിൽ പല വാഗ്ദാനങ്ങളും പല ഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്. മൂന്ന് നൂറ്റാണ്ടുകാലം ജനപ്രതിനിധിയായിരുന്നിട്ടും ഒരു സ്ഥാനമാനത്തിന് പിന്നാലെയും പോയിട്ടില്ല. വ്യക്തിത്വം അടിയറവ് വച്ച് ഇനി പോകുകയുമില്ല. ഇക്കാര്യം എൻ്റെ പാർട്ടി പ്രവർത്തകരോടായി ഉറപ്പുനൽകുന്നു.

ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. കേരളാ കോൺഗ്രസിൽ അവഗണിക്കപ്പെട്ടവർക്ക് വേണ്ടിയാണ് ഈ പാർട്ടി രൂപീകൃതമായത്. ഇനിയും അവഗണിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളും. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി പോരാടും.
അഭിവാദ്യങ്ങളോടെ,
ഡോ.കെ.സി ജോസഫ്
ചെയർമാൻ,
ജനാധിപത്യ കേരളാ കോൺഗ്രസ്

prp

Leave a Reply

*