ശിവശങ്കറിനെ അറസ്‌റ്റു ചെയ്യുമോ? ആകാംക്ഷയോടെ രാഷ്ട്രീയ കേരളം


തിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ രാഷ്ട്രീയ കേരളം രണ്ടാംദിവസവും ആകാംക്ഷയിലാണ്. ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഒമ്ബത് മണിക്കൂര്‍ ചോദ്യ ചെയ്ത ശേഷം ശിവശങ്കറിനെ വിട്ടയച്ചതിനാല്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ അറസ്‌റ്റു ചെയ്യുമോ എന്നതാണ് ഭരണ-പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കേരളവും ഉറ്റുനോക്കുന്നത്.

അറസ്‌റ്റ് ചെയ്യുകയാണെങ്കില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. ഇത് കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച്‌ സര്‍ക്കാരിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാകും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുന്നതിന് മൂര്‍ച്ച കൂട്ടുകയും ചെയ്യും. സ്വപ്‌നയും മറ്റ് പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും മൊഴി നല്‍കിയിട്ടുള്ളത്. സൗഹൃദത്തിന് അപ്പുറത്ത് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.ഐ.എയ്ക്കും കേസില്‍ അത് നിര്‍ണായക വഴിത്തിരിവാണ് നല്‍കുക.

കേസുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റ് വരെ എത്തിനില്‍ക്കെ സര്‍ക്കാരും പ്രതിരോധത്തിലാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്ന വിഷയമാണ് ശിവശങ്കര്‍ വിവാദം.

ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ശിവശങ്കറിനെ തള്ളിപ്പറഞ്ഞത്. എങ്കിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി ഇത്തരം കേസില്‍ ഉള്‍പ്പെട്ടത് സര്‍ക്കാരിനുണ്ടാക്കുന്ന നാണക്കേട് ചെറുതല്ല. ജനങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കാനും ബുദ്ധിമുട്ടും.

prp

Leave a Reply

*