കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്‌കാരം.
ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തമ്ബി കണ്ണന്താനം വിടപറയുന്നത്.
സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1986 ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍റെ മകന്‍’ എന്ന ചിത്രമാണ് അദ്ദേഹത്തിന് നാഴികക്കല്ലായത്. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. 1987ല്‍ ‘വഴിയോരക്കാഴ്ചകള്‍’, ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് ഒരുപിടി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ഏകദേശം 16ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
