ഡല്‍ഹി കൂട്ടമരണം; അന്വേഷണം ഡയറിക്കുറിപ്പുകളെ ചുറ്റിപ്പറ്റി

ന്യൂഡല്‍ഹി: ഉത്തര ഡല്‍ഹിയിലെ ബുരാരി നിവാസികളായ ഭാട്ടിയ കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത അഴിക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു. മരണ വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍. മരിച്ച നാരായണ്‍ ദേവിയുടെ ഇളയ മകന്‍ ലളിത് ഭാട്ടിയയുടെ വിഭ്രാന്തികളാണ് കൂട്ടമരണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

ലളിത് ഭാട്ടിയ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. 10 വര്‍ഷം മുമ്പ് മരിച്ച തന്‍റെ പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നാണ് ഇയാള്‍ കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇതിന് തെളിവായി ഭാട്ടിയ എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മനുഷ്യശരീരം താല്‍ക്കാലികമായ അവസ്ഥയാണ്. ആത്മാവിന് മരണമില്ല. മോക്ഷപ്രാപ്തിക്കായി എങ്ങനെ മരണത്തെ സ്വീകരിക്കണമെന്നുമെല്ലാം കുറിപ്പിലുണ്ടായിരുന്നു. കൂടാതെ ചില ആചാരങ്ങള്‍ക്ക് ശേഷം തൂങ്ങിമരിക്കുമ്ബോള്‍ മരണത്തിന്റെ അവസാനനിമിഷം ദൈവം നേരിട്ടു പ്രത്യക്ഷപ്പെടുമെന്നും ഇയാള്‍ എഴുതിയിരുന്നു.

അതേസമയം ദുര്‍മന്ത്രവാദത്തിന്‍റെ സാദ്ധ്യതകളും പൊലീസ് തള്ളുന്നില്ല. ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലെ കുറിപ്പുകളാണ് ദുര്‍മന്ത്രവാദത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. അതില്‍ എഴുതിയിരിക്കുന്നത് പോലെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ കുടുംബാംഗങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. മതപരമായ കാര്യങ്ങളില്‍ വലിയ വിശ്വാസമുണ്ടായിരുന്നു കുടുംബത്തിന്. രാവിലെയും വൈകിട്ടും ഇവര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അടുത്തിടെ ഇവര്‍ ഏതെങ്കിലും ആള്‍ദൈവത്തെയോ മന്ത്രവാദിയെയോ സമീപിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ദുര്‍മന്ത്രവാദമാണെങ്കില്‍ അതിന് പിന്നില്‍ ഒരാളുണ്ടാകണം. അതാര് എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. പൊലീസ് ഈ വഴിക്കും നീങ്ങുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ കലഹമോ ഇല്ലാതിരുന്ന കുടുംബം മോക്ഷപ്രാപ്തി തേടിയതാണെന്ന സംശയം പൊലീസ് പരിശോധിച്ച്‌ വരികയാണ്. 11 പൈപ്പ് കഷ്ണങ്ങള്‍ വീടിന്‍റെ  ഭിത്തിയില്‍ പതിച്ചിരുന്നു. മൃതദേഹങ്ങള്‍ കിടന്നിരുന്ന അതേ രീതിയിലായിരുന്നു പൈപ്പുകളും സ്ഥാപിച്ചിരുന്നത്. മരിച്ചവരുടെ സൂചനയായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്.

വീട്ടിലെ കുട്ടികള്‍ ശനിയാഴ്ച രാത്രി 11 വരെ മുറ്റത്ത് കളിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം ഏറ്റവുമൊടുവില്‍ വീട്ടിലേക്കെത്തിയത് മരിച്ചവരില്‍ ഒരാളായ ലളിത് ആണ്. പത്ത് പേരുടെ മൃതദേഹങ്ങള്‍ വീടിന്റെ രണ്ടാംനിലയിലെ ഹാളില്‍ കെട്ടിത്തൂക്കിയ നിലയിലും ഒരാളുടേത് മുറിയില്‍ നിലത്തുകിടക്കുന്ന രീതിയിലുമായിരുന്നു.

prp

Related posts

Leave a Reply

*