ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ചില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്നു പരാതി. ഡല്‍ഹി വിമാനത്താവളത്തിലാണ് ഈ മാസം 18 ന് നടന്ന സംഭവം സംബന്ധിച്ച് ഒരു യാത്രക്കാരന് പരാതി ഉന്നയിച്ചത്. ഇതുവരെയും യാതൊരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്ന് ബംഗളൂരു സ്വദേശി വാങ്ങിയ മഫിനിലായിരുന്നു പല്ലിയെ കണ്ടത്. പിന്നാലെ ഛര്ദിക്കാന് ആരംഭിച്ചതിനെ തുടര്‍ന്ന് ഇയാളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരനെ പരിശോധിച്ച വിമാനത്താവളത്തിലെ ഡോക്ടര്‍ ഇതു സംബന്ധിച്ചു പോലീസില്‍ വിവരം നല്കി. പല്ലിയെ കിട്ടിയ ഉടന്‍ യാത്രക്കാരന് ഇത് സംബന്ധിച്ചു ടെര്‍മിനല്‍ മാനേജരോട് പരാതിപ്പെട്ടെങ്കിലും ഭക്ഷണം നശിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.
ചത്ത പല്ലി ഉള്‍പ്പെട്ട ഭക്ഷണം വിതരണം ചെയ്ത പ്രീമിയം ലോഞ്ച് സ്വകാര്യ വസ്തുവാണെന്നും ഇത് എയര്‍പോര്‍ട്ട് ഓപ്പറേറ്ററുടെ കീഴില്‍ വരില്ലെന്നുമാണ് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രതികരണം. ചത്ത പല്ലിയെ കിട്ടിയ ഭക്ഷണം പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഭക്ഷണം വിതരണം ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഐജിഐഎ ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു.

