ഡാർജിലിങ്ങില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജി.ജെ.എമ്മിന് നിരുപാധിക പിന്തുണ നൽകിയിരിക്കുകയാണ് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി. കോൺഗ്രസ്സുമായോ ബി.ജെ.പി.യുമായോ ഒരു ബന്ധവും പാടില്ലെന്നവിശാഖപട്ടണം സി.പി.എം. പാർട്ടികോൺഗ്രസ്സിന്റെ തീരുമാനത്തിന് എതിരാണ് ഇത്. പാര്‍ട്ടി കോൺഗ്രസ്സില്‍ കൈക്കൊണ്ട തീരുമാനത്തിന് ആദ്യഘട്ടലംഘനങ്ങള് ബംഗാളില്‍ വ്യാപകമായി കാണാനാക്കും, ഇതിനു പിന്നാലെയാണ് ഡാർജിലിങ്ങിലെ രണ്ടാംഘട്ട ലംഘനം.

ഡാർജിലിങ്ങിലെ രണ്ട് പ്രമുഖ പാർട്ടികളാണ് ബിമൽ ഗുരുങ് നേതൃത്വം നൽകുന്ന ഗൂർഖാ ജനമുക്തി മോർച്ചയും (ജി.ജെ.എം.) സുഭാഷ് ഗീഷിങ്ങ് രൂപവത്കരിച്ച പഴയ ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ടും. ഗൂർഖാ ജനതയ്ക്ക് ഇവ യഥാക്രമം ‘ഗോജാമു’വും ‘ഗോരാമു’വുമാണ്. ‘ഗോജാമു’ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ബി.ജെ.പി.ക്കൊപ്പം പ്രവർത്തിച്ചു വരുന്നു. ‘ഗോരാമു’വിന്റെ പിന്തുണ തൃണമൂൽ കോൺഗ്രസ്സിനും.ഇത്തവണ ഇവിടുത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളായ ഡാർജിലിങ്ങ്, കലിംപോങ്ങ്, കർസിയോങ്ങ് എന്നിവിടങ്ങളിൽ ഇടതിന് സ്ഥാനാർഥികളില്ല. പകരം ‘ഗോജാമു’വിന് പിന്തുണ നല്കുവാനാണ് തീരുമാനം.
എന്നാല്‍ ഇടതിന്റെ പിന്തുണ കിട്ടിയതിൽ പ്രത്യേകിച്ച് ആഹ്ലാദമൊന്നും ‘ഗോജാമു’ നേതാക്കൾക്കില്ല. ബി.ജെ.പി.യോടൊപ്പമാണ് തങ്ങളെന്നാണ് ‘ഗോജാമു’ നേതൃത്വം അറിയിക്കുന്നത്. മാത്രമല്ല ജി.ജെ.എമ്മുകാരനായ ബിശാൽ ലാമ ഡാർജിലിങ്ങ് ജില്ലയിലെ കാൽച്ചീനി മണ്ഡലത്തിൽ ബി.ജെ.പി.യുടെ ടിക്കറ്റിൽ മത്സരിക്കുന്നുമുണ്ട്.
‘ഗോജാമു’വിന് ആധിപത്യമുള്ള കുന്നുകളിൽ ഇത്തവണ അവർക്ക് ശക്തമായ വെല്ലുവിളി കലിംപോങ് മണ്ഡലത്തിലാണ്. ഗുരുങ്ങിനോടിടഞ്ഞ ജൻ ആന്ദോളൻ പാർട്ടി എന്ന പുതിയ സംഘടനയുണ്ടാക്കിയ ഡോ. ഹർക്കാ ബഹാദൂർ ഛേത്രിയാണ് ഇവിടെ തൃണമൂൽ പിന്തുണയോടെ ‘ഗോജാമു’വിനെ എതിർക്കുന്നത്. അദ്ദേഹത്തെ വീഴ്ത്താനായി ഇക്കുറി സർവശ്രദ്ധയും ബിമൽ ഗുരുങ് കലിംപോങ്ങിലാണ് കേന്ദ്രീകരിച്ചിരുന്നത്.

