ഉറക്കം നടിച്ചിരുന്ന ക്രൈംബ്രാഞ്ച് എന്‍ ഐ എ എത്തിയതോടെ ഉണര്‍ന്നു; സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കും

തിരുവനന്തപുരം: ( 27.07.2020) എയര്‍ ഇന്ത്യാ ജീവനക്കാരനായിരുന്ന സിബുവിനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്‌നാ സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ അനുമതിതേടി ക്രൈംബ്രാഞ്ച് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കും. സ്വപ്‌നയ്ക്ക് ഉന്നരിലുള്ള സ്വാധീനം കാരണം കേസ് അന്വേഷണം നീണ്ട് പോവുകയായിരുന്നു.

സിബുവിനെതിരെ 16 സ്ത്രീകളുടെ ഒപ്പിട്ട് അവരുടെ പേരില്‍ വ്യാജമായി ലൈംഗിക അതിക്രമ പരാതി നല്‍കിയതാണ് കേസ്. എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ്പ്രസിഡന്റ് ബിനോയി ജേക്കബ്ബാണ് ഒന്നാംപ്രതി. ഏതാനും നാള്‍ മുമ്ബാണ് ബിനോയി രാജിവെച്ചത്. ബിനോയിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി സിബു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വപ്നയെ കൂട്ടുപിടിച്ച്‌ ബിനോയി പരാതി നല്‍കിയത്.

പരാതിക്ക് പിന്നില്‍ സ്വപ്‌നയാണെന്ന് കൂടെ ജോലി ചെയ്തിരുന്ന 16 സ്ത്രീകളും ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു. എഴുതി നല്‍കിയ പരാതിയിലെ ഭാഷശൈലി സ്വപ്‌നയ്ക്കല്ലാതെ മറ്റാര്‍ക്കും ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. അങ്ങനെയാണ് കേസില്‍ സ്വപ്‌നയുടെ പങ്ക് ഉറപ്പിച്ചത്. തുടര്‍ന്ന് സ്വപ്‌ന കുറ്റം സമ്മതിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. സ്വപ്‌നയും ബിനോയിയും ചേര്‍ന്ന് കുടുക്കിയതോടെ സിബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭാര്യയുടെ പിന്തുണകൊണ്ട് മാത്രമാണ് സിബു പിടിച്ച്‌ നിന്നത്. അദ്ദേഹമിപ്പോള്‍ എയര്‍ ഇന്ത്യയുടെ ഹൈദരാബാദ് ഓഫീസില്‍ ജോലി ചെയ്യുകയാണ്. ലോക്ഡൗണിന് മുമ്ബ് ക്രൈംബ്രാഞ്ച് സ്വപ്‌നയെ ചോദ്യം ചെയ്തിരുന്നു. അന്ന് ചില ഉന്നത ഇടപെടലുകളെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍ സ്വപ്നയെ കള്ളക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസ് വീണ്ടും ചര്‍ച്ചയായത്. അതോടെ ക്രൈംബ്രാഞ്ചിനെതിരെ പ്രതിപക്ഷ എം എല്‍ എമാര്‍ വരെ ആരോപണവുമായി രംഗത്തെത്തി. എന്‍ ഐ എ കൊച്ചി എസ് പി രാഹുല്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച്‌ സ്വപ്നയെ സംബന്ധിച്ച വിവരങ്ങള്‍ തേടുകയും എന്‍ ഐ എ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും അന്വേഷണത്തില്‍ സഹകരിക്കാനും തീരുമാനിച്ചിരുന്നു. അതോടെ എന്‍ ഐ എ ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കിയിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമല്ലെന്ന ആക്ഷേപവും പ്രതിപക്ഷവും ബി ജെ പിയും ഉയര്‍ത്തി.

അതിനാല്‍ സ്വപ്‌നയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് വീണ്ടും തലവേദനയാകും. അതുകൊണ്ട് നടപടിക്രങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് നോക്കുന്നത്. കഴിഞ്ഞയാഴ്ച സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി അനുമതി നല്‍കിയതോടെ കസ്റ്റംസിന് അഞ്ച് മണിക്കൂറോളം സ്വപ്നയെ ചോദ്യം ചെയ്യാനായി. സ്വര്‍ണക്കടത്ത് കേസ് വിവാദമായത് മുതല്‍ കസ്റ്റംസിന് സ്വപ്‌നയുടെ മൊഴി എടുക്കാനായിരുന്നില്ല. ബാംഗ്ലൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്ത ശേഷം അവരുടെ കസ്റ്റഡിയിലും റിമാന്‍ഡിലും ആയിരുന്നു.

prp

Leave a Reply

*