ഇടുക്കി: ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ് വിഷം കഴിച്ചുമരിച്ചത്. ഇവരുടെ ഏകമകന്‍ നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്ത് ബൈക്കപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു.
മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി മകന് അന്ത്യചുംബനം നല്‍കിയശേഷം ഇവര്‍ വിഷം കഴിക്കുകയായിരുന്നു. അന്ത്യചുംബനം നല്‍കിയശേഷം കാറിനുള്ളില്‍ കയറിയ ഇവര്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയില്‍ കണ്ടത്. തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഷാന്തും സുഹൃത്ത് കൃപാകരനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോയമ്പത്തൂരിലേക്കു പോയി മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച ബൈക്ക് നാദംപാളയം ജംക്ഷനില്‍ നിയന്ത്രണം വിട്ടു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. നാലുപേരുടെയും സംസ്കാരം നടത്തി.

