കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരിവിപണി, ഒറ്റദിവസം കൊണ്ട് ആവിയായത് 6.5 ലക്ഷം കോടി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ: കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഒരു ഘട്ടത്തില്‍ 2400 പോയന്റ് താഴ്ന്ന മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1941 പോയന്റിനാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും കനത്ത ഇടിവ് ദൃശ്യമായി. ഏകദേശം 538 പോയന്റിന്റെ ഇടവാണ് രേഖപ്പെടുത്തിയത്. കനത്തവില്‍പ്പന സമ്മര്‍ദ്ദത്തില്‍ 6.5 ലക്ഷം കോടി രൂപയാണ് ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത്.

കൊറോണ ഭീതിയില്‍ അസംസ്‌കൃത എണ്ണവില മൂന്നു ദശാബ്ദത്തിനിടെ, ഏറ്റവും വലിയ തകര്‍ച്ച നേരിട്ടതാണ് വിപണിയില്‍ പ്രതിഫലിച്ചത്. എണ്ണ വിലത്തകര്‍ച്ചയായതിനാല്‍ എണ്ണ കമ്ബനികള്‍ക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഒഎന്‍ജിസിക്കാണ് ഏറ്റവുമധികം നഷ്ടം. 15 ശതമാനം. ഇതിന് പുറമേ റിലയന്‍സിലും സമാനമായ ഇടിവ് കണ്ടു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് റിലയന്‍സില്‍ ദൃശ്യമായത്. 13 ശതമാനമാണ് കൂപ്പുകുത്തിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ് തകര്‍ച്ച നേരിട്ട മറ്റു ഓഹരികള്‍.

യെസ്ബാങ്കിന്റെ പുനഃസംഘടന ഉള്‍പ്പെടെയുളള വിഷയങ്ങളും വിപണിയെ സ്വാധീനിച്ചു. സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന യെസ്ബാങ്കില്‍ എസ്ബിഐ 2450 കോടി മുതല്‍ 10000 കോടി വരെയാണ് നിക്ഷേപിക്കാന്‍ പോകുന്നത്. ഇത് ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചു. മറ്റു ബാങ്കുകളുടെ ഓഹരികളില്‍ എല്ലാം കനത്ത ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ യെസ്ബാങ്ക് മാത്രം വേറിട്ട് നിന്നു. 31 ശതമാനത്തിന്റെ മുന്നേറ്റമാണ് യെസ് ബാങ്കിന് ഉണ്ടായത്.

സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയിന്മേലുളള പ്രതീക്ഷ തത്കാലം നഷ്ടപ്പെട്ടതും തകര്‍ച്ചയ്ക്ക് കാരണമായി. വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതും വിപണിയില്‍ കനത്ത ഇടിവ് നേരിടാന്‍ ഇടയാക്കിയതായി വിദഗ്ധര്‍ പറയുന്നു. ആഗോളവിപണികളെല്ലാം തകര്‍ന്നതാണ് ഇന്ത്യന്‍ ഓഹരിവിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം.

prp

Leave a Reply

*