പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച്‌ അറുക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്ക് കൂടി കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷ കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാം എന്നയാളാണ്. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൌരവത്തോടെയാണ് കാണുന്നത്.

prp

Related posts

Leave a Reply

*