മെസായി: ഒടുവില്‍ ലോകത്തിന്‍റെ പ്രാര്‍ത്ഥന ഫലിച്ചു. തായ്ലാന്റിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. കോച്ചിനെയും ഒരു കുട്ടിയെയും അല്‍പസമയം മുമ്ബാണ് ഗുഹക്ക് പുറത്തെത്തിച്ചതെന്ന് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെയും കോച്ചിനെയും കൂടാതെ ഗുഹയില്‍ കഴിയുന്ന ഡോക്ടറും മൂന്ന് മുങ്ങല്‍ വിദഗ്ധരുമാണ് അവസാനമായി പുറത്തുവന്നത്.
പ്രാദേശിക സമയം 4.06നാണ് ഒമ്പതാമത്തെ കുട്ടിയും തുടര്‍ന്ന് മറ്റ് കുട്ടികളും പുറംലോകം കണ്ടത്. അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നല്‍കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. രാവിലെ 10.08നാണ് നാലു കുട്ടികളെയും ഫുട്ബാള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങല്‍ വിദ്ഗധരുടെ മൂന്നാംഘട്ട ദൗത്യം തുടങ്ങിയത്. വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു.
ജൂണ്‍ 23നാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാള്‍ പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. 10 ദിവസത്തിനു ശേഷമായിരുന്നു ഇവര്‍ ജീവനോടെ ഗുഹയിലുണ്ടെന്ന് രണ്ട് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കാവശ്യമായ ഒാക്സിജന്‍ സിലിണ്ടറുകളും ഭക്ഷണവും തായ് അധികൃതര്‍ എത്തിച്ചു.
മഴ ശക്തമായതിനാല്‍ കുട്ടികള്‍ നാലു മാസം ഗുഹയില്‍ കഴിയേണ്ടി വരുമെന്നാണ് അധികൃതര്‍ ആദ്യം കണക്കു കൂട്ടിയിരുന്നത്. അതിനിടെ, ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് പുറത്തെത്തിക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചു. എന്നാല്‍, അടുത്ത നാലുമാസം തായ്ലാന്‍റില്‍ കനത്ത മഴയുടെ സീസണ്‍ ആയതിനാല്‍ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.
50 വിദേശ മുങ്ങല്‍ വിദഗ്ധരും 40 തായ്ലാന്റുകാരായ മുങ്ങല്‍ വിദഗ്ധരും ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘമാണ് ഗുഹയുടെ ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഗുഹയില്‍ വെള്ളം ഉയരുമോ എന്ന ആശങ്കയും ചളി നിറഞ്ഞ ‘ടി. ജങ്ഷന്’ എന്ന ഇടുങ്ങിയ തുരങ്കഭാഗവുമാണ് മുങ്ങല്‍ സംഘത്തിനു മുന്നില്‍ ഏറെ വെല്ലുവിളിയായത്. കുട്ടികള്‍ക്ക് ഒാക്സിജന്‍ സിലിണ്ടര്‍ എത്തിച്ച മുങ്ങല്‍ വിദഗ്ധന്‍ സനന് ഗുനന് ശ്വാസം കിട്ടാതെ ഗുഹയില്‍ മരിച്ചത് ആശങ്കക്ക് കാരണമായിരുന്നു.

