ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ചികിത്സ പിഴവു മൂലം മരണം. ഡോക്ടര്‍ വേദനാസംഹാരി നല്കി ഒരുമണിക്കൂറിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അതേ സമയം കുഞ്ഞിന് നല്കിയ വേദന സംഹാരിയില്‍ നിന്നുമുണ്ടായ റിയാക്ഷനാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 17ന് ഡല്‍ഹിയിലെ രോഹിണിയിലുള്ള ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന്റെ ചുണ്ടിനുണ്ടായ ഒരു മുറിവിന് ഇതേ ആശുപത്രിയില്‍ വെച്ച് സ്റ്റിച്ചിട്ടിരുന്നു. ഇതില്‍ നിന്നുണ്ടായ വേദന കാരണം അര മണിക്കൂറോളം കുട്ടി തുടര്‍ച്ചയായി കരയുകയായിരുന്നു. ഇത് ഡോക്ടര്‍മാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കുഞ്ഞിന് വേദന സംഹാരി നല്കി. തുടര്‍ന്ന് കുഞ്ഞ് പൂര്‍ണ്ണമായും നിശബ്ദനായെങ്കിലും ചലനമറ്റതോടെ ഭയന്ന കുടുംബം ഡോക്ടര്‍മാരെ വീണ്ടും വിവരമറിയിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ച്, ഉടന്‍ തന്നെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയ ശേഷം പുറത്തുവന്ന ഡോക്ടര്‍മാര്‍ ‘മെഡിസിന് റിയാക്ഷന് മൂലം കുഞ്ഞ് മരിച്ചു’ എന്നാണ് കുടുംബത്തെ അറിയിച്ചത്.
നേരത്തെയും ഇതേ ആശുപത്രിയില്‍ നിന്നും സമാന അനുഭവമുണ്ടായിരുന്നുവെന്ന്. അന്ന് 36 കാരിയായ അദ്ധ്യാപിക ശസ്ത്രക്രിയക്ക് ഇടയ്ക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. വലിയ കോലാഹലങ്ങള്‍ക്ക് ഇത് വഴി വച്ചിരുന്നു.

