മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം.

വാർഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവർക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ നാളെ തന്നെ സംവരണബില്ല് കേന്ദ്രസർക്കാർ പാർലമെന്‍റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന. രാജ്യത്തെ സവർണ സമുദായങ്ങൾ എല്ലാം തന്നെ സാമ്പത്തിക സംവരണത്തെ അം​ഗീകരിക്കും എന്നുറപ്പായതിനാൽ നിർണായക രാഷ്ട്രീയ-സാമുദായിക പ്രതിസന്ധിയാവും രാഷ്ട്രീയ കക്ഷികൾക്ക് നേരിടേണ്ടി വരിക. ഒബിസി-ന്യൂനപക്ഷ-ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ സംവരണ നീക്കത്തെ എതിർത്ത് മുന്നോട്ട് വരുമെന്നുറപ്പാണ്. തീരുമാനത്തിനെതിരെ കോടതിയിൽ നിയമ പോരാട്ടങ്ങളും നടന്നേക്കാം.

prp

Related posts

Leave a Reply

*