ന്യൂഡല്‍ഹി: സിബിഐ മേധാവിയെ തീരുമാനിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് സമിതി അംഗങ്ങള്‍. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ ഖാര്‍ഗേ കര്‍ശന നിലപാട് എടുക്കാന്‍ ഇടയുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകമാകും.
സിബിഐ മേധാവി സ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തിയേക്കുമെന്ന സൂചനയുണ്ട്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വിയോജിപ്പ് തള്ളിക്കളഞ്ഞാണ് സിബിഐ മേധാവി സ്ഥാനത്തുനിന്നും ആലോക് വര്‍മയെ നീക്കിയത്. പുതിയ മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന 12 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
1983 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയും കേന്ദ്ര ആഭ്യന്തരമന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ റിന മിത്രയ്ക്ക് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഒരുപക്ഷേ സിബിഐ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി മിത്ര മാറിയേക്കാം.ഗുജറാത്ത് ഡിജിപി ശിവാനന്ത് ഝാ, എന്‍.ഐ.എ ഡി.ജി വൈ.സി മോദി, ഹരിയാന വിജിലന്‍സ് മേധാവി പര്‍മീന്ദര്‍ റായ്, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സസ് മേധാവി ജാവീദ് അഹമ്മദ് തുടങ്ങി കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ പേരുവരെ പരിഗണനയിലുണ്ടെന്നാണ് സൂചന.
സിബിഐ മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടിക നേരത്തെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സര്‍ക്കാരിന് രാഷ്ട്രീയ താല്‍പര്യമുള്ളവരെ സിബിഐ മേധാവിയാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഖാര്‍ഗേ. ഫെബ്രുവരി 1 ന് പുതിയ മേധാവി ചുമതലയേല്‍ക്കും. എം നാഗേശ്വര്‍ റാവുവിനാണ് ഇടക്കാലച്ചുമതല നല്‍കിയിരിക്കുന്നത്.

