സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയ ദളപതിയുടെ സര്‍ക്കാര്‍. ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. റിലീസിനെത്തിയതിനു പിന്നാലെ ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഈ അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം വിവാദങ്ങള്‍ക്ക് ഇരയായ ചിത്രം ഒരു പക്ഷെ വിജയ് യുടെ സര്‍ക്കാരായിരിക്കും.

ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ടീസറും ട്രെയിലറും റെക്കോഡുകള്‍ മറി കടന്ന് മുന്നേറിയപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു. ചിത്രം ജനങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അതോടു കൂടി ചിലരുടെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു . സിനിമ പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. വിജയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തിരിക്കുകയാണ്.

വിജയ്‌ക്കെതിരെ ആരോഗ്യ വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പുകവലിയ്ക്കുന്ന താരത്തിന്റെ ചിത്രമാണ് കേസിനാധാരം. ഈ പോസ്റ്റര്‍ പൊതുജന സ്ഥലത്ത് പ്രദര്‍ശിപ്പിച്ചതാണ് കേസ്. നടന്‍ വിജയ്, നിര്‍മ്മാതാവ്, വിതരണക്കാര്‍, പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പുകവലി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ പോസ്റ്ററിനെതിരെ നിരവധി പരാതി ജില്ല ആരോഗ്യവകുപ്പിന് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡിഎംഒ ഡോ കെജെ റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് തിയേറ്ററുകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുകവലി പ്രചരിപ്പിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് താരത്തിനു മറ്റുള്ളവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

സര്‍ക്കാരിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയ് പുകവലിയ്ക്കുന്നതാണ്. ഇത് ആരാധകര്‍ക്കിടയില്‍ പുകവലി പ്രചോദനമാകുമെന്നുള്ള അഭിപ്രായങ്ങള്‍ ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ഭരണപ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. റിലീസിനും മുന്‍പ് തന്നെ ഇത് സര്‍ക്കാരിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതുമായിരുന്നു.

രണ്ട് വര്‍ഷം തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. 2003 ലെ കേന്ദ്രനിയമപ്രകാരം പുകവലി പിന്തുണക്കുന്ന പോസ്റ്ററുകളും മറ്റും പൊതുനിരത്തില്‍ സ്ഥാപിക്കാന്‍ പാടില്ല. കൂടാതെ സിനിമ തിയേറ്ററുകളിലും മറ്റു കര്‍ശന നിയന്ത്രണവും വരുത്തിയുണ്ട്. സിനിമയില്‍ പുകലിയും മദ്യവും ഉപയോഗിക്കുന്ന ഭാഗം നിയന്ത്രണ വിധേയമായി കാണിക്കണം. പുകവലി പ്രോത്സാഹിപ്പിക്കുന്നതിനെതിരെ 2012 ല്‍ കര്‍ശന നിയമവും വന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*