തിരുവനന്തപുരം: മകളുടെ മുഖം ഒരു നോക്കുകാണാന്‍ ബാലഭാസ്കറിനായില്ല. ഇപ്പോഴും അബോധാവസ്ഥയിലാണ് ബാലഭാസ്കര്‍. ലക്ഷ്മിയെ ഒരുവട്ടം കാണിച്ച് തേജസ്വിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇരുവരെയും കാണിക്കാന്‍ വേണ്ടി മകളുടെ മൃതദേഹം മൂന്ന് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.
ബാലഭാസ്കറിന് കാര്യമായ പുരോഗതി കാണാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇതുവരെയും ബാലഭാസ്കറിന്റെ ബോധം തെളിഞ്ഞിട്ടില്ല. സുഷുമ്നാ നാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ മാറ്റമുണ്ടായിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ പ്രാര്‍ത്ഥനയോടെ മണിക്കൂറുകള്‍ ചെലവിടുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതിതീവ്രപരിചരണവിഭാഗത്തിനു മുന്നില്‍ നൂറുകണക്കിനു പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

