തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുമാസത്തിനുള്ളില്‍ പൊലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല. ക്യാപ് ഫോളോവേഴ്‌സിനെ കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നിലവില്‍ ക്യാംപ് ഫോളോവര്‍മാരായി സ്ഥിരം നിയമനമുള്ളത് വളരെ ചുരുക്കം പേര്‍ക്കാണ്. ഭൂരിപക്ഷം പേരും താത്ക്കാലിക ജീവനക്കാരാണ്. ദാസ്യപ്പണിക്കായി നിയോഗിക്കപ്പെടുന്നവരില്‍ കൂടുതല്‍ പേരും താത്ക്കാലിക ജീവനക്കാരാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന ഭയമാണ് ദാസ്യപ്പണിയെടുക്കാന്‍ ഇവരെ നിര്‍ബന്ധിതമാക്കുന്നത്. പി.എസ്.സി വഴി നിയമനം നടത്തുന്നതോടെ ഇവര്‍ക്ക് ജോലിയില്‍ സുരക്ഷിതത്വവും പരാതിപ്പെടാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും.

