ന്യൂഡല്‍ഹി: റബര്‍ വിലയിടിവ് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ഉന്നതരാണ് സമിതിയിലെ അംഗങ്ങള്‍. വിഷയം പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്കൊപ്പം തോട്ടം, മത്സ്യബന്ധനം, ബീഡി തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ സമിതി പഠിക്കും. കഴിഞ്ഞ ദിവസം റബര്‍ ഇറക്കു മതിക്കുള്ള തുറുമുഖ നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ തുറുമുഖങ്ങള്‍ വഴിയും സ്വാഭാവിക റബര്‍ നികുതി ഇല്ലാതെ ഇറക്കു മതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. റബര്‍ ഇറക്കുമതിക്ക് എല്ലാക്കാലത്തേക്കും തുറുമുഖ നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ഇതോടെ ചെന്നൈ, മഹാരാഷ്ട്രയിലെ ജവര്‍ലാല്‍ നെഹ്റു എന്നീ തുറമുഖങ്ങളില്‍ സ്വാഭാവിക റബര്‍ ഇറക്കുമതിക്ക് ഉണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതെയായി. അഡ്വാന്‍സ് ഓഥറൈസേഷന് സ്കീം അനുസരിച്ചാണ് ഇറക്കുമതിക്ക് അനുമതി നല്‍കുന്നത്. ദേശീയ റബര്‍ നയം പരിഷ്കരിക്കുന്പോള്‍ അഡ്വാന്‍സ് ഓഥറൈസേഷന് സ്കീമിലെ നിബന്ധനകളില്‍ ഭേദഗതി വേണമെന്ന് കര്‍ഷക സംഘടനകളും ജനപപ്രതിനിധികളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

