തിരുവനന്തപുരം: ഒറ്റ പരീക്ഷയിലൂടെയും ഒറ്റവാക്കിലെ ഉത്തരത്തിലൂടെയും സര്‍ക്കാര്‍ ജോലി സ്വന്തം എന്നത് പഴങ്കഥയാകുന്നു. ഇനി ഒറ്റപരീക്ഷയിലൂടെ സര്‍ക്കാര്‍ ജോലി ഇല്ല. പുതുവര്‍ഷത്തില്‍ പി.എസ്.സി യുടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തില്‍ വരും.
സര്‍ക്കാര്‍ ജോലിക്കുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലില്‍ നിന്നാണ് പി.എസ്.സി പുതിയ പരിഷ്കാരങ്ങള്‍ക്ക് രൂപം നല്‍കിയത്. വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പരീക്ഷകള്‍ക്കുണ്ടാവുക. കൂടാതെ തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്.
അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും പുതിയ പരീക്ഷ സമ്ബ്രദായത്തിലൂടെ കഴിയുമെന്നാണ് പിഎസ്സിയുടെ പ്രതീക്ഷ. 2018 മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക. ഒരേ യോഗ്യതയുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ ഒറ്റ പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ തസ്തികയുടെ വ്യത്യാസമനുസരിച്ചുള്ള പരീക്ഷയായിരിക്കും നടത്തുക. കൂടാതെ പ്രായോഗിക പരീക്ഷ വരുന്ന തസ്തികയ്ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനമിറക്കുക.
വിവരാണാത്മക പരീക്ഷ മൂല്യനിര്‍ണ്ണയം ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ രൂപീകരിക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോള്‍ പിഎസ്സി. നിലവില്‍ കേരളത്തില്‍ ഒഎംആര്‍ പരീക്ഷയ്ക്കുമാത്രമെ ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയം നടത്തുന്നുള്ളു.


