നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ തീര്‍ത്ഥാടകന്‍ മരിച്ചു

കണ്ണൂര്‍: ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമുള്ള മരത്തില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. ശ്രീലക്ഷ്മി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ബസിലെ യാത്രക്കാരനും കര്‍ണൂര്‍ സ്വദേശിയുമായ സീനു (45) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. 45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച്‌ വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ 15 യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ള മൂന്നു ആളുകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. കര്‍ണാടകയിലെ ഒന്‍പത് സ്ഥലങ്ങളില്‍ ഇന്നലെ ദര്‍ശനം നടത്തിയ ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. അമിത വേഗതയാണോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മുന്‍വശത്തെ ഡോര്‍ അടക്കമുള്ള ഭാഗം ഞെരിഞ്ഞ് അമര്‍ന്ന നിലയിലായിരുന്നു. ഇത് ഫയര്‍ഫോഴ്സ് സഹായത്തോടെ വെട്ടിപ്പൊളിച്ചും പിന്നിലെ ഡോറും എമര്‍ജന്‍സി ഡോറിലൂടെയുമാണ് യാത്രക്കാരെ പുറത്തെടുത്തത്.

prp

Related posts

Leave a Reply

*