നമ്മുടെ കേരളത്തില്‍ റോഡപകടങ്ങളെപ്പോലെ ബോട്ടപകടപകടങ്ങള്‍ അത്ര സാധാരണമല്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന ബോട്ടപകടം ഉള്‍പ്പെടെ ഏകദേശം പതിനേഴോളം ബോട്ടപകടങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ 91 വര്‍ഷത്തിനിടെ നടന്നിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഇതിനു പ്രധാന കാരണം കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഫിറ്റ്നസ്സ് കാലാവധി കഴിഞ്ഞും സര്‍വീസ് നടത്തിയതിനാലാണ്.
ബോട്ടിന്റെ കാലപ്പഴക്കം തന്നെയാണ് കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായ ബോട്ടപകടത്തിനുള്ള ഒരു പ്രധാന കാരണമായി പറയപ്പെടുന്നത്. ഏകദേശം 38 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അപകടത്തില്‍പ്പെട്ട ‘എം.ബി. ഭാരത്’ എന്ന ബോട്ടിന് 2016 വരെ രജിസ്ട്രേഷന് ഉണ്ട്. എന്നാല്‍ ഇതിനു കഴിഞ്ഞ വര്‍ഷം 2013 മാര്‍ച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 2017 വരെയായി നീട്ടി നല്‍കിയിട്ടുണ്ട്. പോര്‍ട്ട് ഡയറക്ടറേറ്റ് നല്കിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ ബോട്ട് നിര്‍മിച്ച വര്‍ഷവും രേഖപ്പെടുത്തിയിട്ടില്ല. അതുമാത്രമല്ല പോര്‍ട്ട് ഡയറക്ടറേറ്റ് നല്കുന്ന ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബോട്ട് ഓടിക്കുവാനുള്ള ലൈസന്‍സ് മാത്രമാണ് ലഭിക്കുന്നത്.
കേരളത്തില്‍ നടന്നിട്ടുള്ള പ്രധാന ബോട്ടപകടങ്ങള്‍ :
പല്ലന( ആലപ്പുഴ), 1924 മരണം:24, കണ്ണമാലി( എറണകുളം), 1980 മരണം:29, വല്ലാര്‍പാടം( എറണകുളം), 1983 മരണം:18, കൊച്ചിക്കായല്‍( എറണകുളം), 1990 മരണം:5, പേപ്പാറ ഡാം( തിരുവനന്തപുരം), 1990 മരണം:7, ഇരട്ടി നദി( കണ്ണൂര്‍), 1990 മരണം:4, പുന്നമടക്കായല്‍( ആലപ്പുഴ), 1991 മരണം:3, കല്ലാര്‍( തിരുവനന്തപുരം), 1991 മരണം:8, മുനമ്പം( എറണകുളം), 1992 മരണം:3, കൊച്ചിക്കായല്‍( എറണകുളം), 1993 മരണം:5, വെള്ളായിക്കോട്( കോഴിക്കോട്), 1994 മരണം:6, കാപ്പാട് ബീച്ച്( കോഴിക്കോട്), 1997 മരണം:4, പെരിയാര്‍, ആലുവ( എറണകുളം), 1997 മരണം:4, കുമരകം( കോട്ടയം), 2002 മരണം:29, തട്ടേക്കാട്( എറണകുളം), 2007 മരണം:18, തേക്കടി( ഇടുക്കി), 1992 മരണം:31.
പരിശോധനയ്ക്ക് ശേഷം ബോട്ടിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇങ്ങനെ നടത്തുന്ന പരിശോധനകള്‍ എത്ര മാത്രം സത്യസന്ധതയോടെയാണ് ചെയ്യുന്നതെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ക്ക് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കട്ടുകള്‍ ലഭിക്കുകയില്ലല്ലോ?
അപകടങ്ങള്‍ നടന്നതിനു ശേഷം മാത്രം അന്വേഷണങ്ങള്‍ നടത്തിയിട്ടും, റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടും, അപ്പോള്‍ മാത്രം പ്രഹസനമെന്നോണം പരിശോധനകള്‍ നടത്തിയിട്ടും കാര്യമില്ല.
ഇങ്ങനെയുള്ള അപകടങ്ങള്‍ വരാതിരിക്കുവാനുള്ള കാര്യങ്ങള്‍ ഉത്തരവാദിത്വപെട്ട ആളുകള്‍ ആദ്യം തന്നെ ചെയ്യേണ്ടതാണ്. അത് ചെയ്യാത്ത പക്ഷം ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിക്കുവാന്‍ സാദ്ധ്യതകള്‍ ഏറെയാണ്.
യാത്രാ ബോട്ടുകളുടെ കാര്യം മാത്രമല്ല എല്ലാ ബോട്ടുകളും പരിശോധനയ്ക്ക് വിധേയമാക്കി അത് ഉപയോഗയോഗ്യമാണോ എന്നും ഇവയില്‍ ജീവന് രക്ഷാ ഉപകരണങ്ങള്‍ ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ ബോട്ട് ജീവനക്കാര്‍ക്ക് അപകട സമയത്ത് ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും, രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതികള്‍ എന്തെല്ലമാണെന്നും ഈ രംഗത്തെ വിദഗ്ദ്ധെരെക്കൊണ്ട് ബോധാവല്‍ക്കരണം നടത്തേണ്ടതാണ്. റോഡില്‍ വാഹന പരിശോധനകള്‍ നടത്തുന്നത് പോലെ ഇടയ്ക്കിടെ ബോട്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണം.
കനത്ത ഒഴുക്കും ആഴവുമുള്ള അഴിമുഖത്തുകൂടിയുള്ള സര്‍വീസുകള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത ബോട്ടുകള്‍ക്ക് മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇത്തരം ബോട്ടുകളുടെ ഗുണമേന്മ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിക്കേണ്ടതും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുമാണ്. രണ്ട് വര്‍ഷത്തിലൊരിക്കലോ മറ്റോ അറ്റകുറ്റപ്പണി നടത്തിയാലായി എന്ന അവസ്ഥയാണ് ഇപ്പോള്‍.
ഇനി ഇതുപോലൊരു അപകടം നടക്കാതിരിക്കുവാന്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം. കാരണം പൊലിഞ്ഞുപോയ ജീവന് പകരമായി നല്കുവാന് മറ്റൊന്നില്ല.

