മോസ്കോ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രെയിനിലെ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിനു തൊട്ടുമുന്നേ റഷ്യയില്‍ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടന്നെന്ന് റിപ്പോര്‍ട്ട്.
പരീക്ഷണം പരാജയപ്പെട്ടെന്ന് കരുതുന്നതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം സംബന്ധിച്ച് റഷ്യ യു.എസിനെ അറിയിച്ചിരുന്നെന്നും തങ്ങള്‍ക്ക് ഭീഷണി അല്ലാത്തതിനാല്‍ പ്രകോപനമായി യു.എസ് കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ‘ സാത്താന്‍ II ” അഥവാ സര്‍മത് മിസൈലാണ് റഷ്യ പരീക്ഷിച്ചത്. ഇത് സംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
ഭൂമിയിലെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് റഷ്യ അവകാശപ്പെടുന്ന സര്‍മതിനെ ഇതിന് മുമ്ബ് റഷ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 2016 മുതലാണ് സര്‍മതിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള സര്‍മത് റഷ്യയുടെ ആയുധപ്പുരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ്. ശത്രുക്കളുടെ നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സര്‍മതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോര്‍മുനകളെ വഹിക്കാന്‍ സര്‍മതിന് കഴിയും. 6,000 കിലോമീറ്ററിലേറെ അകലെയുള്ള സ്ഥാനത്തെ ലക്ഷ്യമാക്കി കുതിക്കാന്‍ കഴിയുന്ന സര്‍മതിന്റെ പ്രഹരപരിധിയില്‍ യു.കെയും യു.എസും ഉള്‍പ്പെടും. 2009ല്‍ നിര്‍മ്മാണം ആരംഭിച്ച സര്‍മതിന് 200 ടണ്ണിലേറെ ഭാരവും 35.5 മീറ്റര്‍ നീളവുമുണ്ട്.

