കൊല്ലം: കൊല്ലത്ത് പൊലീസ് സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിച്ച ഡി.വൈ.എഫ്.ഐ സംഘത്തില്‍ ക്വട്ടേഷന്‍ സംഘവും ഉണ്ടായിരുന്നതായി പരാതി.
മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുണ്ടക്കല്‍ സ്വദേശി ആനന്ദിന്‍റെ നേതൃത്വത്തിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു.
കിളികല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വ്യാപാരികളെ തട്ടിക്കൊണ്ട് പോയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആനന്ദ്. ആനന്ദും സംഘവും വടിവാളുമായി നില്‍ക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. ആക്രമണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മന്ത്രി രാജീവിന് പൊലീസില്‍ വിശ്വാസമില്ലാത്തതാണ് ക്വട്ടേഷന്‍ സംഘത്തിന്‍റെ സഹായം തേടാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫ് ആരോപിച്ചു. അതിനാലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സഹായം തേടുന്നത്. കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തിനെതിരെ പരിപാടി സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ കൊല്ലത്ത് ഇത്തരം ആളുകളെ വളര്‍ത്തുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ചയാണ് കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിനു മുന്നില്‍ മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചത്. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനും കെ.എസ്.യു പ്രവര്‍ത്തകന്‍ ആഷിക് ബൈജുവിനും ഗുരുതര പരിക്കേറ്റു.
മന്ത്രി രാജീവ് വ്യവസായ നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവിന്‍റെ കടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിന്‍റെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ നിന്നിരുന്നു. സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ കടയിലെത്തി യൂത്ത് കോണ്‍ഗ്രസുകാരുമായി തര്‍ക്കമായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിന്‍റെ സാന്നിധ്യത്തില്‍ വളഞ്ഞിട്ടാണ് മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കടക്ക് നേരെയും ആക്രമണമുണ്ടായി. വിഷ്ണു സുനില്‍ പന്തളത്തിനു ക്രൂരമായി മര്‍ദനമേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ റിപ്പോര്‍ട്ടര്‍ ടി.വി കാമറമാന്‍ രാഗേഷിനു നേരെയും കൈയേറ്റമുണ്ടായി.

