ദുബൈ: ഗള്‍ഫ് മേഖലയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന യു.എ.ഇ-ഒമാന്‍ റെയില്‍പാത നിര്‍മാണത്തിന് അബൂദബിയിലെ മുബാദല ഇന്‍വെസ്റ്റ്‌മെന്‍റ് കമ്ബനിയുടെ 300 കോടി ഡോളര്‍ നിക്ഷേപം.
ഇതോടെ നിര്‍മാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോഴാണ് അബൂദബിയും ഒമാന്‍ തുറമുഖനഗരമായ സുഹാറും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മിക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചത്. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ ഒമാന്‍ റെയിലിന്‍റെയും ഇത്തിഹാദ് റെയിലിന്‍റെയും സംയുക്ത സംരംഭമായ ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്ബനിക്ക് നേരത്തേ രൂപംനല്‍കിയിരുന്നു.
രണ്ടു ഗള്‍ഫ് രാജ്യങ്ങളും മറ്റു പ്രദേശങ്ങളും തമ്മിലുള്ള വ്യാപാര, വിനോദസഞ്ചാര അവസരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ യു.എ.ഇ ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ വിപുലമായ ശൃംഖലയുമായാണ് പാത ബന്ധിപ്പിക്കുക.
എന്നാല്‍, ഒമാന്‍-ഇത്തിഹാദ് റെയില്‍പാത നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സര്‍വിസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. 303 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചര്‍ ട്രെയിനുകളാണ് ഓടുക.
സുഹാറില്‍ നിന്ന് അബൂദബിയിലേക്ക് യാത്രാസമയം 1.40 മണിക്കൂറായും സുഹാറില്‍നിന്ന് അല്‍ഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സഞ്ചരിക്കുക. ഇതിലൂടെ വര്‍ഷത്തില്‍ 225 ദശലക്ഷം ടണ്‍ ബള്‍ക്ക് കാര്‍ഗോയും 2,82,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.
ഒമാന്‍റെ വടക്കന്‍ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മില്‍ 192 കി.മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. റെയില്‍പാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാരസാധ്യതകളും വര്‍ധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.

