പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് നാട്ടുകാര്‍ തല്ലിച്ചതച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന് പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

മധുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൈയിലെ ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്ന് വിശക്കുമ്പോള്‍ മാത്രമാണ് മധു കാടിറങ്ങാറ്. ടോര്‍ച്ച്, ബാറ്ററി എന്നിവയും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാര്‍ പിടികൂടുമ്പോള്‍ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഇതിന്‍റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

