കതിര്‍മണ്ഡപത്തില്‍ എത്തേണ്ട പ്രണയിനിയെ ഒടുവില്‍ ബ്രിജേഷ് കണ്ടത് മോര്‍ച്ചറിക്ക് മുന്നില്‍

കൊയിലാണ്ടി: തന്‍റെ പ്രണയിനിക്ക് ചാര്‍ത്താനുള്ള താലിമാലയും മറ്റ് സാധനങ്ങളെല്ലാം വാങ്ങി വിവാഹത്തിന് ഒരുങ്ങിയ ബ്രിജേഷ് അറിഞ്ഞത് അവളുടെ മരണ വാര്‍ത്തയായിരുന്നു. കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കേണ്ട അവന് പിന്നീട് അവളെ കാത്തിരുന്നത് മോര്‍ച്ചറിക്ക് മുന്നിലായിരുന്നു.

വിവാഹത്തലേന്ന് അച്ഛന്‍റെ പിച്ചാത്തിപ്പിടിയില്‍ മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെയൊരന്ത്യം പ്രതീക്ഷിച്ചിരുന്നില്ല”-നിറകണ്ണുകളോടെ ബ്രിജേഷ് പറഞ്ഞു

ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ ജോലി ചെയ്യുകയാണ് ഈ ഇരുപത്താറുകാരന്‍. മൂന്ന് വര്‍ഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിയപ്പോഴാണ് ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. അന്നവള്‍ സ്വകാര്യ ഡയാലിസിസ് സെന്‍ററിലെ ജീവനക്കാരിയായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള സ്‌നേഹബന്ധം ആതിരയുടെ പിതാവ് രാജന് ഇഷ്ടമായിരുന്നില്ല.

തര്‍ക്കം രൂക്ഷമായപ്പോള്‍ വിഷയം അരീക്കോട് പോലീസ് സ്റ്റേഷനിലും എത്തി. സ്റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ കല്യാണം കഴിച്ചുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് രാജന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് ആതിര ബന്ധുക്കളോടൊപ്പം പോയി. കൊയിലാണ്ടി കോതമംഗലത്തെ ക്ഷേത്രത്തില്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരുക്കം നടത്തിയിരുന്നു. ആതിരയുടെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം നടത്തി കൊടുക്കാമെന്ന ഉറപ്പിലാണ് അത് മാറ്റിയതെന്ന് ബ്രിജേഷിന്‍റെ അമ്മാവന്‍ പറഞ്ഞു.

വെള്ളിയാഴ്ച വിവാഹം നടത്താനായി രാജന്‍റെ വീട്ടില്‍ പന്തലിട്ട് സദ്യയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. ഇതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ആതിരയ്ക്ക് കുത്തേറ്റ വാര്‍ത്ത അറിഞ്ഞത്. ആ സമയത്ത് ബ്രിജേഷും മറ്റ് ബന്ധുക്കളും വിവാഹത്തിനുള്ള താലി വാങ്ങാന്‍ പോയതായിരുന്നു. രാത്രി ടി.വിയില്‍ ആതിര കുത്തേറ്റ് മരിച്ച വാര്‍ത്ത വന്നത് ബന്ധുക്കള്‍ ശ്രദ്ധിച്ചെങ്കിലും ബ്രിജേഷിനെ അറിയിച്ചില്ല.

വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച ആതിരയുടെ മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു.

prp

Related posts

Leave a Reply

*