ആരാധകരുടെ കാത്തിരിപ്പിന് വിട; അനുഷ്ക ഇനി വിരാടിന് സ്വന്തം-VIDEO

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അനുഷ്ക വിരാടിന് സ്വന്തം. ബോളിവുഡിന്‍റെ പ്രിയനടിയും കാമുകിയുമായ അനുഷ്ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി താലിചാര്‍ത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്കനില്‍. ഇവിടെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി.

2013 ല്‍ ഒരു ഷാംപൂവിന്‍റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ്ബോളിവുഡ് പ്രണയകഥയാണ് മിലാനില്‍ വിവാഹത്തില്‍ പൂത്തുലയുന്നത്.  നാലു വര്‍ഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. ദീര്‍ഘകാലത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് അവസാനം താരദമ്പതികള്‍ ഒന്നാവുകയായിരുന്നു.

അനുഷ്കയുടെ കുടുംബഗുരു മഹാരാജ് അനന്ത് ബാബയും ചടങ്ങിനായി ഇറ്റലിയില്‍ എത്തിയിരുന്നു.കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ശര്‍മ ചടങ്ങില്‍ പങ്കെടുത്തതായാണ് അറിയുന്നത്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

‘എക്കാലവും സ്നേഹത്താല്‍ ബന്ധിതമായിരിക്കാമെന്ന് ഇന്ന് ഞങ്ങള്‍ പരസ്പരം ഉറപ്പ് നല്‍കി.ഈ വാര്‍ത്ത നിങ്ങളുമായി പങ്കിടാന്‍ ഞങ്ങള്‍ അനുഗൃഹീതരാണ്.ഈ മനോഹര ദിവസത്തെ കൂടുതല്‍ സവിശേഷമാക്കുന്നത് കുടുംബങ്ങളുടെയും, ആരാധകരുടെയും സ്നേഹ പിന്തുണകളാണ്.ഞങ്ങളുടെ യാത്രയില്‍ ഒരുസുപ്രധാന പങ്കുവഹിച്ചതിന് നന്ദി’, കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

 

 

Related posts

Leave a Reply

*