പഠിത്തം അവസാനിപ്പിച്ച് നടന്നു കയറിയ ജീവിതം ഒരു പേടി സ്വപ്നമായിരുന്നു; ഇറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സുള്ള കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും: അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് ബാലയെന്ന നടനെ ഭര്‍ത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാഹ മോചിതരുമായി. വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ സംഗീതത്തില്‍ ശ്രദ്ധിച്ച് കരിയറില്‍ ശോഭിച്ചിരിക്കയാണ് അമൃത.

ഇപ്പോഴത്തെ തന്നെ തീര്‍ത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത തന്നെ തുറന്നു പറഞ്ഞു. യൂട്യൂബ് ചാനലായ ജോഷ് ടോക്കില്‍ സംസാരിക്കവേയാണ് അമൃത സ്വന്തം ജീവിതത്തെ കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയത്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂ എന്ന് അമൃത പറയുന്നു. എന്നാല്‍ അതിനപ്പുറം ഇന്നും ആളുകള്‍ക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് അമൃത പറയുന്നു.

പഠിത്തം അവസാനിപ്പിച്ച് ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോള്‍ എന്‍റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു.

ആദ്യം ഞാന്‍ ഇതെക്കുറിച്ച് മിണ്ടാതിരുന്നു അപ്പോള്‍ പലരും പറഞ്ഞത് ‘അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നായിരുന്നു. പ്രതികരിച്ചപ്പോള്‍ എന്നെ അഹങ്കാരിയായി മുദ്രകുത്തി. നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകാം. അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്.

എനിക്കറിയില്ലായിരുന്നു ഇനി എന്തു ചെയ്യണമെന്ന്. മനസ്സില്‍ തോന്നുന്നത് എഴുതി വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്. അന്ന് ഞാന്‍ കൂടുതല്‍ എഴുതിയ വാക്ക് ‘ഹൗ’ എന്നായിരുന്നു. ആ വാക്കിനെ പിന്നീട് ഞാന്‍ ‘ഹു’ എന്ന് മാറ്റി എഴുതി. അത് തന്നെയാണ് എന്‍റെ ജീവിതം മാറ്റി മറിച്ചതും.

എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഇന്ന് എന്‍റെ കുഞ്ഞിന്‍റെ കൈപിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വര്‍ഷം മുന്‍പുള്ള അമൃത സുരേഷ് ഒരു ചെറിയ കാര്യത്തിന് പോലും പൊട്ടിക്കരയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം.

നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും. എന്നാല്‍ അത് തിരിച്ചറിഞ്ഞ്, തിരുത്താന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ജയിക്കാനാകൂ. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ആ ലക്ഷ്യം തന്നെയാണ് എന്നെ മുന്‍പോട്ട് കൊണ്ടുപോയത് അമൃത പറയുന്നു.

 

 

prp

Related posts

Leave a Reply

*