വാഷിംഗ്ടണ്‍: അമേരിക്ക ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ തയാറെടുക്കുന്നു. എന്നാല്‍ യുഎസ് എംബസി ടെല്‍ അവീവില്‍നിന്ന് ഉടന്‍ തന്നെ ജറുസലേമിലേക്കു മാറ്റാന്‍ ആലോചനയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്താനിരിക്കെയാണ് വാര്‍ത്ത പുറത്തുവരുന്നത്.
അമേരിക്കയുടെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് അറബ് രാഷ്ട്രങ്ങള്‍. യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്‍റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്‍കി. ഇതോടെ അമേരിക്കയ്ക്ക് ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥന്‍റെ കുപ്പായമിടാനുള്ള അവകാശം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെതിരെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായി രംഗത്തെത്തി. ഫലസ്തീന്‍ -ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കേണ്ടതാണ് ജെറൂസലേമിന്‍റെ ഭാവിയെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനമുണ്ടാവുന്നത് സമാധാനത്തിന് ഭീഷണിയാണെന്നും മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിച്ച് അറിയിച്ചു.

