നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്‍റെ മൊഴി. അക്രമത്തിനിടയില്‍ പള്‍സര്‍ സുനി ഇത് പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു. നടിയുടെ മൊഴിയിലും ഇങ്ങനെയൊരു പരാമര്‍ശമുണ്ടെങ്കിലും നടിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പള്‍സർ സുനിയുണ്ടാക്കിയ കള്ളക്കഥയാകാം ഇതെന്നായിരുന്നു ആദ്യം പോലിസ് വിലയിരുത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും പള്‍സർ സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നുമാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായാണ് മണികണ്ഠന്‍ ഇപ്പോള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.


