കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്‍ ദിലീപിന് നിര്‍മാണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ടെണ്ണമടക്കം അഞ്ച് സിനിമകള്‍ പൊലീസ് നിരീക്ഷണത്തില്‍.
കേസിലെ സാക്ഷികളില്‍ പെട്ട ചിലര്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം. അതേസമയം, അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സിനിമകളില്‍ വലിയ റോളുകള്‍ വാഗ്‌ദ്ധാനം ചെയ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വലിയ തുകയും പ്രതിഫലമായി വാഗ്‌ദ്ധാനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേസിലെ സാക്ഷിവിസ്‌താരം എത്രയും വേഗം തുടങ്ങാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേസിലെ വിസ്‌താരണം വൈകിപ്പിക്കാന്‍ പ്രതിഭാഗം മനപ്പൂര്‍വം ശ്രമിക്കുന്നതായി ആരോപണമുണ്ട്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരു നിര്‍മാതാവും സംവിധായകനും ചരടുവലിച്ചതിന്റെ വിവരങ്ങള്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.
അതേസമയം ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിലൂടെ മലയാള സിനിമയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഫെഫ്‌കയുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വിഷയത്തില്‍ സംവിധായകന്‍ ആഷിക് അബു ഉന്നയിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

