കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് പോലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്.ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് കോടതിക്ക് തോന്നുന്നുവെങ്കില്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് സംഭാഷണം രേഖപ്പെടുത്തി നല്‍കാന്‍ തയാറാണെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു
കേസില്‍ മാപ്പുസാക്ഷിയാക്കിയ പോലീസുകാരന്‍ അനീഷിന്‍റെ മൊഴിയുടെ പകര്‍പ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നേരിട്ട് അനീഷിന്‍റെ മൊഴി എടുത്തിട്ടില്ലെന്നും കോടതിയില്‍ രഹസ്യമൊഴി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ സംഘത്തിന്‍റെ തലവനായ ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്നും ദിലീപിന്‍റെ ഹര്‍ജി നീട്ടിക്കൊണ്ടു പോകാന്‍ താല്‍പ്പര്യമില്ലെന്നും കോടതി വ്യക്തമാക്കി.

