സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ്…

action-hero-biju-trailer.jpg.image.784.410‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് അടിമുടി മാറ്റി മറിക്കുകയാണ് നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും തിരക്കഥാകൃത്ത് മുഹമ്മദ് ഷെഫീഖും. പോലീസ് ഓഫീസര്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്കൊരു മുന്‍ വിധിയുണ്ട്. ആ മുന്‍ വിധി തിരുത്തിയെഴുതുകയാണ് ഈ ചിത്രത്തില്‍ ബിജു പൗലോസ് എന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍. പോലീസ് സേനക്കുള്ള ഒരു ആദരവു കൂടിയാണ് സത്യത്തില്‍ ഈ സിനിമയെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
ആക് ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നിവിന്‍ പോളി ഒരു സബ്ബ് ഇന്‍സ്‌പെക്ടറുടെ റോളില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അതെങ്ങനെയായിരിക്കുമെന്ന ഒരു മുന്‍ ധാരണ സാധാരണ പ്രേക്ഷകര്‍ക്കുണ്ടാകുന്നത് സ്വഭാവികം മാത്രം. മലയാളത്തിലെ മുന്‍ നിര നായകന്മാര്‍ തകര്‍ത്തഭിനയിച്ച ആക് ഷന്‍ ഹീറോ പോലീസ് വേഷങ്ങള്‍ നമുക്കു സുപരിചിതങ്ങളാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ആ മുന്‍ ധാരണകളെയെല്ലാം തകിടം മറിച്ചു കൊണ്ടാണ് ആക്ഷന്‍ ഹീറോ ബിജു പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. ‘പ്രേമം’ എന്ന സൂപ്പര്‍ ഹിറ്റിനെ തുടര്‍ന്ന് ചെറിയൊരു ഇടവേളക്കു ശേഷമുള്ള നിവിന്‍ പോളിയുടെ ഈ വരവ് ആരാധകരുടെ മനസ്സിനെ മുഴുവന്‍ കൈയ്യടക്കിക്കൊണ്ടാണ്. ‘പ്രേമ’ത്തിലെ റൊമാന്റിക് ഹീറോയില്‍ നിന്ന് പോലീസ് വേഷത്തിലേക്കുള്ള നിവിന്‍ പോളിയുടെ പകര്‍ന്നാട്ടം അദ്ഭുതപ്പെടുത്തുന്നതു തന്നെയാണ്.maxresdefault2

സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെ കാക്കി കുപ്പായത്തിനുള്ളിലെ വെറും സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന സാധാരണ സംഭവങ്ങളെ ഭംഗിയായി ചേര്‍ത്തടുക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോലിയോട് ആത്മാര്‍ത്ഥതയുള്ള ഒരു സാധാരണ പോലീസുകാരനാണ് ബിജു. മാഫിയകളെയും അധോലോക സംഘങ്ങളെയുമെല്ലാം അതിസാഹസികമായി കീഴ്‌പ്പെടുത്തി വില്ലാളി വീരനാകുന്ന ഒരു സബ്ബ് ഇന്‍സ്‌പെക്ടറല്ല ഈ ബിജു. നാട്ടിന്‍ പുറത്തെ കള്ളന്മാരും ചീട്ടുകളിക്കാരുമൊക്കെയാണ് ഈ സബ്ബ് ഇന്‍സ്‌പെക്ടറുടെ ടാര്‍ജറ്റ്. ജനമൈത്രി പോലീസ് സ്റ്റേഷനാണ് ബിജുവിന്റെ ജോലിസ്ഥലം. ബോധപൂര്‍വ്വമല്ലെങ്കില്‍ പോലും പോലീസിന് മലയാള സിനിമ സൃഷ്ടിച്ചിരിക്കുന്ന ഒരു അസത്യമായ ഇമേജുണ്ട്. ഒരു പോലീസുകാരന്റെ കഥ ലളിതമായും സത്യസന്ധമായും പറഞ്ഞുകൊണ്ട് ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
നാട്ടിലെ ആനുകാലിക പ്രശ്‌നങ്ങളെ ചിത്രത്തിലൂടെ അനുവാചകരിലേക്കു കൊണ്ടുവരാന്‍ ഈ സിനിമക്കു കഴിഞ്ഞിട്ടുണ്ട്. വിവിധങ്ങളായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒരു പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുടെ ജീവിതവുമായി ബന്ധപ്പെടുത്തുകയും അതിനാവശ്യമായ ഉപകഥകളും കഥാ സന്ദര്‍ഭങ്ങളും ഉണ്ടാക്കുകയും, എന്നാല്‍ ചിത്രത്തില്‍ ആദ്യാവസാനം സൂക്ഷിക്കുന്ന ഹാസ്യത്തിന്റെ രസച്ചരട് പൊട്ടാതെ സൂക്ഷിക്കുകയും ചെയ്തുവെന്നത് തിരക്കഥയുടെ ശക്തിയാണ്. ആ തിരക്കഥയൊരുക്കിയിരിക്കുന്നതാകട്ടെ, തിരക്കഥാകൃത്ത് മുഹമ്മദ് ഷെഫീഖും സംവിധായകന്‍ എബ്രിഡ് ഷൈനും ചേര്‍ന്നാണു താനും. തിരക്കഥാകൃത്തിലെ സംവിധായകനും സംവിധായകനിലെ തിരക്കഥാകൃത്തും ഇവിടെ ഒരേ മനസ്സോടെ സമന്വയിച്ചിരിക്കുന്നത് പ്രേക്ഷകര്‍ തിരിച്ചറിയുന്നുമുണ്ട്.

Pookkal Panineer Pookkal Song From Action Hero Biju-Nivin pauly-Anu Emmanual

‘1983’ എന്ന മികച്ച ജനപ്രിയ ചിത്രത്തിനു ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. തന്റെ മുന്‍ ചിത്രത്തിലെന്നതുപോലെ സംവിധായകന്റെ നിറ സാന്നിധ്യം ഈ ചിത്രത്തിലുമുണ്ട്. അലക്‌സ്. ജെ. പുളിക്കല്‍ എന്ന ഛായാഗ്രാഹകന്റെ വിട്ടുവീഴ്ച്ചയില്ലാത്ത കൈയ്യൊപ്പു കൂടി വന്നപ്പോള്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നതായി.
നായികയായ അനു ഇമ്മാനുവലിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും ഈ നടി മലയാള സിനിമക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു. ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ചെറിയ സീനുകളില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകരുടെ നിറകൈയ്യടി നേടി. ജോജു ജോര്‍ജിന്റെ പ്രകടനം എടുത്തു പറയേണ്ടതു തന്നെയാണ്. പ്രജോദ്, മേജര്‍ രവി, സൈജു കുറുപ്പ്, ദേവി അജിത്ത്, സാജന്‍ പള്ളുരുത്തി എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഹൃദയാര്‍ദ്രമായ ഈണം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. യേശുദാസും വാണിജയറാമും ചേര്‍ന്നു പാടിയ പൂക്കള്‍,പനിനീര്‍പ്പൂക്കള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതാണ്. പശ്ചാത്തല സംഗീത സംവിധാനം നിര്‍വ്വഹിച്ച രാജേഷ് മുരുകനാകട്ടെ സിനിമയിലെ എല്ലാ രംഗങ്ങളും ചടുലമാക്കി. മനോജിന്റെ ജീവസ്സുറ്റ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തിനു കാരണമായി.
സിനിമയുടെ പേരിലെ ‘ആക്ഷന്‍’ കണ്ട് ഇതൊരു ഇടിപ്പടമാണെന്ന് കരുതണ്ട. സാധാരണക്കാരന്റെ ജീവിതത്തോടു തൊട്ടു നില്ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളെക്കൊണ്ട് സമ്പന്നമാണീ സിനിമ. മുന്‍ ധാരണകളെയെല്ലാം മാറ്റിവച്ച്, ധൈര്യമായി, കുടുംബസമേതം കാണാവുന്ന ഒരു എന്റര്‍ടൈനര്‍ തന്നെയാണ് ആക്ഷന്‍ ഹീറോ ബിജു. മലയാള സിനിമയിലെ പുതിയ ‘ആക്ഷ’നും ഈ സിനിമ ഒരു പക്ഷേ കാരണമായേക്കാം.

By: കെ.ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Related posts

Leave a Reply

*