വട്ടവട: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. കൊല ആസൂത്രിതമാണെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരന്‍ ആരോപിച്ചു. അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. കോളെജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി പരമാവധി ശിക്ഷ നല്‍കണം.
അതേസമയം അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളെയടക്കം പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.
ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. മുമ്പ് സമാന സംഭവങ്ങളില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
