ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ ആദരവ് പോസ്റ്റ്;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് നിരന്തര സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനന്ദ് മഹീന്ദ്രയുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരേ സമയം വീട്ടിലും തൊഴിലിടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഓരോ സ്ത്രീകളും. ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഈ വിഷയത്തെ ആസ്പദമാക്കിയണ് പോസ്റ്റ്.

ചിത്രമിങ്ങനെ:  മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു. ഭംഗിയായി, എക്‌സിക്യൂട്ടീവ് ലുക്കില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. എന്നാല്‍ ഈ ട്രാക്കിനൊരു പ്രത്യേകതയുണ്ട്. പുരുഷന്‍മാര്‍ക്ക് മുന്നിലുള്ള ട്രാക്കില്‍ ഒരു പ്രതിസന്ധിയും ഇല്ല. എന്നാല്‍ സ്ത്രീകളുടെ ട്രാക്ക് അങ്ങനെയല്ല.

ദൈനംദിന വീട്ടുപകരണങ്ങള്‍ എല്ലാം തന്നെ സ്ത്രീകളുടെ ട്രാക്കിലുണ്ട്. ഫ്രിഡ്ജും വാഷിംഗ് മെഷീനും അയണ്‍ ബോക്‌സും അലക്കിയ തുണികളും മറികടന്നു വേണം ഇവര്‍ക്ക് ഓടാന്‍. ഓഫീസ് ജോലി മാത്രമല്ല, വീട്ടുജോലിയുടെയും കടമ്പകള്‍ ഓടിക്കടന്നാണ് ഈ സ്ത്രീകളൊക്കെ ഓരോ ദിവസവും ഓടിത്തീര്‍ക്കുന്നതെന്ന് പ്രതീകാത്മകമായി പറയുന്നുണ്ട് ഈ ചിത്രം.

തന്‍റെ പേരക്കുട്ടിയെ നോക്കാന്‍ ഒരു ആയയെ ഏര്‍പ്പെടുത്തിയെന്ന് കുറിച്ചാണ് ആനന്ദ് മഹീന്ദ്ര ഈ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ എന്‍റെ പേരക്കുട്ടിയെ നോക്കാന്‍ സഹായിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു. ഉദ്യോഗസ്ഥകളായ എല്ലാ വീട്ടമ്മമാര്‍ക്കും എന്‍റെ ആദരം. ഒരേ ജോലി ചെയ്യുന്ന തങ്ങളുടെ പങ്കാളികളേക്കാള്‍ ഇരട്ടി കഠിനാധ്വാനം ചെയ്താണ് ഓരോ സ്ത്രീയും വിജയത്തിലെത്തുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ ട്വീറ്റ് വൈറലായത്. ഒരു സ്ത്രീയുടെ ഒരു ദിവസത്തെ ജീവിതത്തെക്കുറിച്ച് ഒരാളെങ്കിലും മനസ്സിലാക്കിയാല്‍ അത്രയും നല്ലത് എന്നാണ് ഒരാള്‍ മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സംഭാവനകളും കഠിനാധ്വാനവും തിരിച്ചറിഞ്ഞതില്‍ മഹീന്ദ്രയെ പ്രശംസിച്ച് നിരവധി പേരാണ് മറുപടി ട്വീറ്റ് ചെയുന്നത്.

prp

Related posts

Leave a Reply

*