കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ വിവാദങ്ങള്‍ കൊണ്ട് ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ വിവാദങ്ങളെയൊന്നും ഗൗനിക്കാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ അടുത്ത പോസ്റ്റര്‍ പരസ്യമാക്കിയത്. ആമിയില്‍ മഞ്ജുവിനൊപ്പം യുവനായകന്‍ ടൊവീനോ തോമസുമുണ്ട്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് താടിയും മുടിയും വളര്‍ത്തിയ ടൊവീനോയും ചിത്രത്തിലുണ്ടെന്ന സര്‍പ്രൈസ് അവതരിപ്പിച്ചത്. ‘കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ? അതിപ്പോ 17 പുരുഷന്മാരെയും 12 സ്ത്രീകളെയും 6 കുട്ട്യോളെയും, 3 നായ്ക്കളേം, ഒരു പൂച്ച്‌യേം 2 തത്തകളേം പ്രണയിച്ചിട്ടുണ്ട്’ എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജിന് നല്‍കാനായി വെച്ചിരുന്ന ഗസ്റ്റ് റോളിലാണ് ഇപ്പോള്‍ ടൊവീനോ തോമസ് എത്തിയിരിക്കുന്നത്. പൃഥ്വിക്ക് സമയമില്ലാത്തതിനാലാണ് ടൊവീനോയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
അനൂപ് മേനോനും മുരളി ഗോപിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും, തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.


