തൃശ്ശൂര്‍: കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്റ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു.
തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ട് പോകുകയായിരുന്ന വാഹനത്തിന് കുറുകെ ഇടുകയും ആ വാഹനത്തില്‍ നിന്നെത്തിയവര്‍ കല്യാണിന്റെ ജീവനക്കാരെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാളയാര്‍ ചെക്ക് പോസ്റ്റിന് ഇരുവശത്തുമായി കേരള-തമിഴ്നാട് പൊലീസുദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.