തുടര്‍ച്ചയായി മൂന്നാം തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുവാന്‍ ദേവികുളത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥികള്‍ തന്നെ. എസ്. രാജേന്ദ്രനും എ.കെ മണിയുമാണ് ദേവികുളത്തെ ഹാട്രിക് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ രണ്ട് തവണയും രാജേന്ദ്രനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന എ.കെ.മണിക്ക് ഇത്തവണ രാജേന്ദ്രനെ പരാജയപ്പെടുതാനാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇവര്‍ പോര്‍ക്കളത്തില്‍ ഇറങ്ങിയതോടെ ദേവികുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.

സിറ്റിങ് എം.എല്‍.എയായിരുന്ന മണിയെ 2006 ല്‍ 5887 വോട്ടിന് തോല്പിച്ചാണ് എസ്. രാജേന്ദ്രന് സീറ്റ് തിരിച്ചുപിടിച്ചത്. 2011 ല്‍ 4078 വോട്ടിന് രാജേന്ദ്രന് എ.കെ മണിക്കെതിരെ വിജയം ആവര്‍ത്തിച്ചു.
ഏറെ പ്രതിഷേധങ്ങള്‍ക്കും നാടകീയതകള്ക്കുമെല്ലാം ശേഷമാണ് തികച്ചും അപ്രതീക്ഷിതമായി എ.കെ മണി ഇത്തവണയും ദേവികുളത്തെ സ്ഥാനാര്‍ഥിയായത്. ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ആദ്യം നിശ്ചയിച്ചിരുന്ന രാജാറാമിനെ മാറ്റി പ്രമുഖ ട്രേഡ് യൂണിയന് നേതാവ് കൂടിയായ എ.കെ മണിയെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമായത്.
രാജേന്ദ്രന് ഹാട്രിക് തികയ്ക്കുമോ. അതോ എ.കെ മണിക്ക് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാകുമോ എന്നതിനുള്ള ഉത്തരത്തിനായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.
