തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല. മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ചന്ദ്രമുഖി.ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്.
തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായും സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വല ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്.രാജാ സിങ്ങിനെതിരെയുള്ള ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ആവേശത്തോടെയാണ് തെലങ്കാനയിലെ പൊതുസമൂഹം സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്ത് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ മത്സരിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവകാശത്തിനായി പോരാടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ലെന്നും ചന്ദ്രമുഖി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.