രാജ്കോട്ട്: ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 17കാരിയായ പെണ്‍കുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയില്‍ മുക്കി. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തിലെ രാജ്കോട്ട് ഭഗ് വതിപര ഏരിയയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് സുമന് എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവായ രാഹുല്‍ പര്‍മാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 17കാരിയോട് ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ച സുമന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഭര്‍ത്താവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയോട് തിളച്ച എണ്ണയില്‍ കൈ മുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറാകാതെ വന്നതോടെ യുവതി ബലാത്കാരമായി കൈപിടിച്ച് മുക്കുകയായിരുന്നു. രാഹുലിനോടും ഇവര്‍ ഇതേ ആവശ്യം ഉന്നയിച്ചു. സംഭവത്തില്‍ രാഹുലിനും പെള്ളലേറ്റിട്ടുണ്ട്. അടുത്തിടെ രാഹുല്‍ തന്നെ പീഡിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി ഉന്നയിച്ചിരുന്നു. ദമ്പതികള്‍ക്ക് 30 നോടടുത്ത് പ്രായമുണ്ട്.
ഉടന്‍ തന്നെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ കൈകണ്ട് ഡോക്ടര്‍മാര്‍ വരെ ഞെട്ടിപ്പോയി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

