തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസുടമകള്‍ പങ്കെടുക്കില്ല. രണ്ടാം തീയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെയില്‍ വീണ്ടും വരുന്ന ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു.
നേരത്തെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും അന്ന് സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിനു ശേഷം ഡീസല്‍ ലിറ്ററിന് രണ്ടു രൂപ കൂടി വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വിഷുവിന് ഉത്സവബത്ത നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.

